കൊച്ചി: മരടിൽ ആദ്യഫ്ലാറ്റുകൾ പൊളിക്കുന്നതിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. നിയന്ത്രിത സ്ഫോടനത്തിലൂടെ ഇന്ന് പൊളിക്കുന്ന ഹോളിഫെയ്ത്ത്, ആൽഫയിലെ ഇരട്ട ടവറുകൾ എന്നിവയ്ക്ക് ചുറ്റും 1600 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമീഷണർ വിജയ് സാഖറെ അറിയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്നലെ അവലോകന യോഗം നടന്നു. ജില്ലാ കലക്ടർ എസ് സുഹാസ്, സബ് കലക്ടർ സ്‌നേഹിൽ കുമാർ സിംഗ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
നിയന്ത്രിത സ്‌ഫോടനത്തിന് മേൽനോട്ടം വഹിക്കുന്ന പൊളിക്കൽ വിദഗ്ദ്ധൻ എസ്.ബി സർവാത്തേ സ്‌ഫോടനം നടക്കുന്ന നാലു ഫ്ലാറ്റുകളും സന്ദർശിച്ച് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. ചെന്നൈ ഐ.ഐ.ടി സംഘം പ്രകമ്പനം അളക്കാനുള്ള ഉപകരണങ്ങളെല്ലാം സ്ഥാപിച്ചു . പരിസരവാസികൾക്ക് മാറിനിൽക്കാനായി തേവര എസ്.എച്ച് കോളേജ്, പനങ്ങാട് ഫിഷറീസ് കോളേജ് എന്നിവിടങ്ങളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.
പൊലീസ് ചെയ്യുന്നത് :
ഫ്ലാറ്റുകളുടെ 200 മീറ്റർ ചുറ്റളവിൽ രാവിലെ എട്ട് മുതൽ നാലു വരെ നിരോധനാജ്ഞ
ഒരു ഫ്ലാറ്റിന് 800 വീതം പൊലീസുകാർ
സ്‌ഫോടനത്തിനു മുമ്പ് തൊട്ടടുത്ത വീടുകളിൽ താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റും
രാവിലെ 9 മുതൽ വീടുകൾ കയറി ആളുകൾ ഒഴിഞ്ഞോയെന്ന് ഉറപ്പുവരുത്താനുള്ള പരിശോധന
ഡ്രോണുകൾ ഉപയോഗിച്ച് സ്‌ഫോടനത്തിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിന് വിലക്ക്
ചിലവന്നൂർ, മരട് പ്രദേശങ്ങളിലെ കായലുകളിൽ മറൈൻ, കോസ്റ്റൽ പൊലീസിന്റെ സുരക്ഷ
ഫയർഫോഴ്സ് ചെയ്യുന്നത് :
സ്ഫോടനം നടക്കുന്ന രണ്ട് ദിനങ്ങളിലും 200 മീറ്റർ ചുറ്റളവിന് പുറത്ത് 10 ഫയർ എൻജിനുകൾ
ഓഫീസർമാർ അടക്കം 100 ഫയർഫോഴ്സ് ഉദ്യോഗസ്ഥർ
ഹൈഡ്രോളിക് യന്ത്രമടക്കമുള്ള എമർജൻസി റെസ്ക്യു ടെൻഡർ
സ്ഫോടനത്തിന് ശേഷം 3 മിനിട്ട് കഴിഞ്ഞ്
കോൺക്രീറ്റ് അവശിഷ്ടങ്ങളിലേക്ക് വെള്ളം ചീറ്റി പൊടി ശമിപ്പിക്കും
'പൊളിക്കൽ നടപടികളെല്ലാം മുമ്പ് തീരുമാനിച്ചതു പോലെ നടക്കും. നിശബ്ദമായ സ്‌ഫോടനമാകും നടക്കുക. പൊളിക്കൽ നടപടികൾക്ക് മുന്നോടിയായുള്ള ക്രമീകരണങ്ങളിൽ തൃപ്തനാണ്. പ്രത്യാഘാതങ്ങൾ ഉണ്ടാകാതിരിക്കാൻ അതീവജാഗ്രതയോടെയാണ് കമ്പനികൾ നടപടികൾ പൂർത്തിയാക്കിയിരിക്കുന്നത്. അവസാനനിമിഷം വരെ ഒരുക്കങ്ങൾ തുടരുന്നത് അതുകൊണ്ടാണ്. പരിസരവാസികൾ ആശങ്കപ്പെടേണ്ടതില്ല.'
എസ്.ബി സർവാത്തെ
പൊളിക്കൽ വിദഗ്ദ്ധൻ