ആലുവ: കീഴ്മാട് മുതിരക്കാടിന് സമീപം വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ വ്യക്തിവൈരാഗ്യം തീർക്കാൻ പുതുവത്സരാഘോഷത്തിന്റെ മറവിൽ അഗ്നിക്കിരയാക്കിയ കേസിൽ മുഖ്യപ്രതി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.
കീഴ്മാട് സ്റ്റാർ വില്ലയിൽ വാടകയ്ക്ക് താമസിക്കുന്ന കൂത്താട്ടുകുളം പാലക്കുഴ കണിച്ചേരിയിൽ അരുൺ അനിൽ (23) ആണ് കീഴടങ്ങിയത്. പ്രതിയെ ആലുവ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സംഭവം നടന്ന് മണിക്കൂറുകൾക്കകം മറ്റൊരു പ്രതി കീഴ്മാട് സൊസൈറ്റിപ്പടി മഠത്തിലകം സൻജിത്തിനെ മാടപ്പിള്ളിത്താഴത്ത് നിന്ന് നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയിരുന്നു.
ജനുവരി ഒന്നിന് പുലർച്ചെ 2.45 ഓടെയാണ് സംഭവം. കീഴ്മാട് മുതിരക്കാട് ആലുങ്കൽ നിഷാദിന്റെ വീട്ടുമുറ്റത്ത് കിടന്ന ഓട്ടോറിക്ഷയാണ് കത്തിച്ചത്. നിഷാദും അരുണും തമ്മിൽ നേരത്തെയുണ്ടായിരുന്ന വഴക്കിന്റെ തുടർച്ചയായിട്ടാണ് ഓട്ടോറിക്ഷ കത്തിച്ചത്.
ഓട്ടോറിക്ഷ കത്തിയതിനെ തുടർന്ന് ശ്വാസം മുട്ടും ചൂടും അനുഭവപ്പെട്ട് വീട്ടുകാർ ഉറക്കമുണർന്നപ്പോഴേക്കും പ്രതികൾ ഓടി രക്ഷപ്പെട്ടിരുന്നു. പിന്നീട് നടത്തിയ തെരച്ചിലിലാണ് സൻജിത്ത് പിടിയിലായത്.