കൊച്ചി: രണ്ടു ദിവസങ്ങളിലായി നടന്ന അസെൻഡ് 2020 ആഗോള നിക്ഷേപകസംഗമത്തിൽകേരളത്തിന് ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം വാഗ്ദാനമായി ലഭിച്ചതായി ഇന്നലെ സമാപനസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
138 പദ്ധതി നിർദേശങ്ങൾ സംഗമത്തിലുണ്ടായി. 32,008 കോടി രൂപയുടെ നിക്ഷേപങ്ങൾക്കു പുറമെ, കേരള ഇൻഫ്രാസ്ട്രക്ചർ ഫണ്ട് മാനേജ്മെന്റ് ലിമിറ്റഡ് ആറു പദ്ധതികളിലായി 8110 കോടിയാണ് നിക്ഷേപിക്കുന്നത്. അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിട്ടി ലോജിസ്റ്റിക്സ് പാർക്കിനായി 66900 കോടി രൂപ നിക്ഷേപിക്കും. ആകെ 98708 കോടി രൂപയുടെ നിക്ഷേപമാണ് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്. സംഗമത്തിൽ പങ്കെടുപ്പിക്കാൻ കഴിയാതെ പോയവരെ നേരിട്ടുകണ്ട് നിക്ഷേപത്തിനായി അഭ്യർത്ഥിക്കും. ഇവരിൽ ചിലർ നിക്ഷേപിക്കാൻ സന്നദ്ധരാണ്. ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഇളങ്കോവന്റ നേതൃത്വത്തിൽ ഇവരെ നേരിട്ടുകാണും. ഇവരിൽ നിന്ന് സമാഹരിക്കാൻ കഴിയുന്ന നിക്ഷേപം കൂടി കണക്കിലെടുത്താണ് ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.