കൊച്ചി:നിക്ഷേപം നടത്തുന്നവർക്ക് സർക്കാരിന്റെ എല്ലാ തലങ്ങളിലും ഇടനിലക്കാരില്ലാതെ നേരിട്ട് സമീപിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആഗോള നിക്ഷേപ സംഗമമായ അസെൻഡ് കേരള 2020 ന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വില്ലേജ് ഓഫീസ് മുതൽ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ സൗഹാർദ്ദപരമായ സമീപനമുണ്ടാകും. നിക്ഷേപത്തിന് സന്നദ്ധരായി വരുന്നവർക്ക് എല്ലാ സഹായവും സർക്കാർ നൽകും. അത്തരം കാര്യങ്ങളുടെ ചുമതലയുള്ള വകുപ്പുകളിലെ പ്രധാന ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും. നിക്ഷേപകരുടെ പ്രതിനിധികളും പങ്കെടുക്കും.

നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിൽ കേരളം പിന്നിലായിരുന്നു. ഇതിന് പരിഹാരം കാണാനാണ് സർക്കാർ ശ്രമിച്ചത്. കേരളം നിക്ഷേപ സൗഹൃദമല്ലെന്ന പ്രചാരണം ഇപ്പോൾ ശരിയല്ല.

തൊഴിൽപരിശീലനത്തിൽ കാലാനുസൃതമായ മാറ്റം വരുത്താൻ സർക്കാർ നടപടി തുടങ്ങിക്കഴിഞ്ഞു. പാഠ്യപദ്ധതി പരിഷ്‌ക്കരണം അതിന്റെ ഭാഗമാണ്. വിവിധ സർവ്വകലാശാലകളുമായി ചർച്ച ചെയ്ത് ഇക്കാര്യത്തിൽ തീരുമാനമെടുക്കും.

തദ്ദേശ സ്ഥാപന പ്രസിഡന്റ്, സെക്രട്ടറിമാരുടെ സംസ്ഥാനതല സംയുക്ത യോഗം ജനുവരി 21ന് നടത്തും. നിക്ഷേപക സംഗമത്തിൽ ഉരുത്തിരിഞ്ഞ നിർദ്ദേശങ്ങൾ അവരുടെ ശ്രദ്ധയിൽ പെടുത്തും.

തദ്ദേശ സ്വയംഭരണ മേഖലയിലെ പ്രധാന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഫെബ്രുവരി ആദ്യവാരം സംസ്ഥാനതല ശിൽപശാലയും നടത്തും. ആവശ്യമെങ്കിൽ നിക്ഷേപക പ്രതിനിധികളെ ശിൽപശാലയിൽ ഉൾപ്പെടുത്തി അഭിപ്രായം സ്വരൂപിക്കും. സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ആലോചന നടക്കുന്നു. വ്യവസായ പാർക്കുകളിൽ സമിതികൾ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്നും.മുഖ്യമന്ത്രി പറഞ്ഞു.

ബ്ലിസ് സിറ്റി എഡ്യു ടെയ്ൻമെന്റ് പദ്ധതിക്കായുള്ള ധാരണാപത്രം കേരള ഇൻഫ്രാസ്ട്രക്ചർ ഫണ്ട് മാനേജ്‌മെന്റ് ലിമിറ്റഡ് സി.ഇ.ഒ വി.എസ്. സെന്തിലും കെ.എം.ആർ.എൽ എം.ഡി. അൽക്കേഷ് കുമാർ ശർമ്മയും തമ്മിൽ കൈമാറി. മൂവായിരം കോടി രൂപയുടെ പദ്ധതിയാണിത്. ഒഡീഷയിലെ ഇലക്ട്രോണിക്‌സ്, ഐടി വകുപ്പ് മന്ത്രി തുഷാർ ഗാന്ധി ബെഹ്ര വിശിഷ്ടാതിഥിയായി.മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, ഇ.പി. ജയരാജൻ, ചീഫ് സെക്രട്ടറി ടോം ജോസ്, കെ.പി.എം.ജി ചെയർമാൻ അരുൺ കുമാർ, ഇൻഡസ്ട്രീസ് ആൻഡ് നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്‌സ് ഡയറക്ടർ കെ. ബിജു എന്നിവർ പങ്കെടുത്തു