കൊച്ചി : വ്യാജരേഖകളുടെ അടിസ്ഥാനത്തിൽ 40 ലക്ഷം രൂപയുടെ വായ്പാത്തട്ടിപ്പു നടത്തിയെന്ന കേസിൽ ബാങ്ക് ഒഫ് ഇന്ത്യ മുൻ ബ്രാഞ്ച് മാനേജർ കൊച്ചി എളമക്കര സ്വദേശി കെ.ആർ. രമേശ് (63), പറവൂർ സ്വദേശികളായ വി. രാമചന്ദ്രൻ, ടി.വി. രാജു, ആർ. രഞ്ജിതദേവി, സിനി രാജേഷ് എന്നിവർക്ക് എറണാകുളം സി.ബി.ഐ കോടതി ഒരുവർഷം തടവുശിക്ഷ വിധിച്ചു. കെ.ആർ. രമേശിന് 50,000 രൂപയും മറ്റു പ്രതികൾക്ക് 25,000 രൂപ വീതവും പിഴശിക്ഷ വിധിച്ചിട്ടുണ്ട്. 2007 - 2010 കാലഘട്ടത്തിൽ ബാങ്ക് ഒഫ് ഇന്ത്യയുടെ ഏഴിക്കര ബ്രാഞ്ചിൽ മാനേജരായിരിക്കെ രമേശ് തട്ടിപ്പു നടത്തിയെന്നാണ് സി.ബി.ഐ അന്വേഷണസംഘം കണ്ടെത്തിയത്. മറ്റുപ്രതികൾക്ക് വ്യാജ പാട്ടക്കരാറിന്റെയും വ്യാജരേഖകളുടെയും അടിസ്ഥാനത്തിൽ പത്തുലക്ഷം രൂപ വീതം രമേശ് വായ്പ തരപ്പെടുത്തി നൽകിയെന്നാണ് കേസ്. അഴിമതി നിരോധന നിയമപ്രകാരം 2010 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ചത്.