# തീരുമാനം 14ന് അറിയിക്കാമെന്ന് മാനേജുമെന്റ്

ആലുവ: കുട്ടമശേരി കീഴ്മാട് റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കൂടുതൽ നിർദ്ദേശങ്ങളുമായി നാട്ടുകാർ. ആലുവ സി.ഐ വി.എസ്. നവാസ് വിളിച്ച യോഗത്തിലാണ് നാട്ടുകാർ വിവിധ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചത്. കുന്നുംപുറത്ത് പ്രവർത്തിക്കുന്ന ഓൺലൈൻ പരീക്ഷാ കേന്ദ്രത്തിലെത്തുന്ന വാഹനങ്ങൾ മൂലം ഗതാഗതക്കുരുക്ക് തുടർക്കഥയായതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതേത്തുടർന്നാണ് സി.ഐ നാട്ടുകാരെയും പരീക്ഷാകേന്ദ്രം നടത്തിപ്പ് അധികൃതരെയും ചർച്ചയ്ക്ക് വിളിച്ചത്.

ഒരേ സമയം പരീക്ഷ എഴുതുന്നവരുടെ എണ്ണം കുറക്കുക, ഒരു ബാച്ച് പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ ഉടൻ അടുത്ത ബാച്ചിന്റെ പരീക്ഷ നടത്തുന്നരീതി അവസാനിപ്പിക്കുക, ഇരുബാച്ചിനും ഇടയിൽ കൂടുതൽ ഇടവേള നൽകുക, സമീപത്തെ അന്ധവിദ്യാലയ മൈതാനം വാഹന പാർക്കിംഗിനായി ഏറ്റെടുക്കുക, പരീക്ഷ കഴിഞ്ഞിറങ്ങുന്ന കുട്ടികളെ കയറ്റാൻ വാഹനങ്ങൾ റോഡിൽ നിർത്തുന്നത് ഒഴിവാക്കുക, പരീക്ഷ കഴിഞ്ഞ് ഉദ്യോഗാർത്ഥികളുമായി തിരിച്ചുപോകുന്ന വാഹനങ്ങൾ രാജഗിരിവഴി തിരിച്ചുവിടുക, കുടുതൽ സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കുക എന്നീ ആവശ്യങ്ങളാണ് നാട്ടുകാർ ഉന്നയിച്ചത്.

ഇക്കാര്യങ്ങൾ മാനേജ്‌മെന്റ് ചർച്ച ചെയ്ത് 14ന് അറിയിക്കാമെന്ന് പരീക്ഷാകേന്ദ്രം അധികാരികൾ പൊലീസിന് ഉറപ്പ് നൽകി. കഴിഞ്ഞ ദിവസങ്ങളിൽ ഗതാഗത കുരുക്ക് രൂക്ഷമായതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. പ്രതിഷേധത്തിനിടെ മാരാരിക്കുളം പൊലീസ് സ്റ്റേഷനിലെ ഒരു എസ്.ഐയുടെ വാഹനത്തിന്റെ കാറ്റഴിച്ച് വിട്ടതും വിവാദമായിരുന്നു. മകളെ പരീക്ഷ എഴുതിപ്പിക്കാൻ മഫ്ടിയിൽ എത്തിയതായിരുന്നു എസ്.ഐ. പൊലീസ് ഉദ്യോഗസ്ഥനാണെന്ന് അറിയാതെയാണ് പ്രതിഷേധക്കാരിൽ ചിലർ കാഅ ടയറിന്റെ കാറ്റഴിച്ച് വിട്ടത്.