കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഹൈബി ഈഡൻ എം.പിയുടെ നേതൃത്വത്തിൽ എം.എൽ.എമാരായ പി.ടി. തോമസ്, വി.ഡി.സതീശൻ, ടി.ജെ.വിനോദ് എന്നിവർ ചേർന്ന് നയിച്ച ലോംഗ് മാർച്ചിൽ ആയിരങ്ങൾ അണിനിരന്നു. ഇന്നലെ 3.45ന് എറണാകുളം ടൗൺ ഹാൾ പരിസരത്തു നിന്നും മാർച്ച് ആരംഭിച്ചു. ഹൈബി ഈഡന് പതാക കൈമാറി ജസ്റ്റിസ് കെമാൽ പാഷ, പ്രൊഫ. എം.കെ. സാനു എന്നിവർ ചേർന്ന് മാർച്ച് ഫ്‌ളാഗ് ഒഫ് ചെയ്തു. കോൺഗ്രസ് നേതാക്കളായ പ്രൊഫ. കെ.വി. തോമസ്, കെ. ബാബു, ലാലി വിൻസെന്റ്, അജയ് തറയിൽ, ഡൊമിനിക് പ്രസന്റേഷൻ, കെ.പി. ധനപാലൻ തുടങ്ങി നേതാക്കൾ പങ്കെടുത്തു.

മാർച്ചിന്റെ മുൻ നിരയിൽ ബാന്റുമേളവും നിശ്ചലദൃശ്യവും അണിനിരന്നു. പിന്നിലായി മണ്ഡലാടിസ്ഥാനത്തിൽ പ്രവർത്തകർ അണിനിരുന്നു. രാത്രി എട്ടു മണിയോടെ മട്ടാഞ്ചേരി അമരാവതി വഴി പള്ളത്ത് രാമൻ ഗ്രൗണ്ടിൽ എത്തിച്ചേർന്നു. സമാപന സമ്മേളനം കർണാടകയിലെ പ്രമുഖ കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ ഉദ്ഘാടനം ചെയ്തു.