കൊച്ചി: കേരളത്തിൽ ഗവർണറുടെ ഓഫീസ് ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസാക്കി മാറ്റിയെന്ന് കർണാടക മുൻ മന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഹൈബി ഈഡൻ എം.പി നയിച്ച ലോംഗ് മാർച്ച് സമാപനം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി. സർക്കാർ ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുകയാണ്. നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഒരാൾക്കും സമാധാനമില്ല. നോട്ട് നിരോധനം നടത്തിയപ്പോൾ 50 ദിവസമാണ് മോദി രാജ്യത്തോട് ചോദിച്ചത്. എണ്ണൂറ് ദിവസം കഴിഞ്ഞിട്ടും ഒന്നും ശരിയായില്ല. പൗരത്വ ഭേദഗതി നിയമം മുസ്ലീങ്ങൾക്ക് എതിരായ ആയുധമായാണ് സർക്കാർ ഉപയോഗിക്കുന്നത്. എന്നാൽ എതിർക്കുന്നവരെ നിശബ്ദമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കോൺഗ്രസ് എല്ലാ ശക്തിയുമെടുത്ത് ഈ നിയമത്തെ എതിർക്കുമെന്നും ശിവകുമാർ പറഞ്ഞു.