കൊച്ചി: ഇറിഡിയം അടങ്ങിയ റൈസ് പുള്ളർ നാസയ്‌ക്ക് വിറ്റ് കോടികൾ സമ്പാദിക്കാമെന്ന് പറഞ്ഞ് വർഷങ്ങളായി ഇന്ത്യയിലുടനീളം തട്ടിപ്പ് നടത്തിയ ബംഗളൂരു സ്വദേശിയെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്‌തു. ബംഗളൂരു ബൻജാര ലേഔട്ടിൽ ജേക്കബാണ് (55) അറസ്റ്റിലായത്. വാഷിംഗ്ടണിലെ ഗ്ലോബൽ സ്‌പേസ് മെറ്റൽസ് എന്ന സ്ഥാപനത്തിലെ മെറ്റലർജിസ്റ്റാണെന്നും ഭാഭ അറ്റോമിക് റിസർച്ച് സെന്ററിന്റെ അംഗീകാരമുണ്ടെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. റൈസ് പുള്ളർ നൽകാമെന്ന് പറഞ്ഞ് 2016 മുതൽ ക്രൈംമാഗസിൻ ഉടമ നന്ദകുമാറിൽ നിന്ന് പലതവണയായി 80 ലക്ഷം രൂപ തട്ടിച്ച കേസിലാണ് ജേക്കബ് പിടിയിലായത്.
ഇടനിലക്കാരായി നന്ദകുമാറിനെ സമീപിച്ച ചിലർ കോയമ്പത്തൂരുള്ള വീട്ടിൽ കോടികൾ വിലയുള്ള ന്യൂക്ലിയർ പവറുള്ള ഇറിഡിയം റൈസ് പുള്ളറുണ്ടെന്നും പരിശോധിച്ച് സർട്ടിഫിക്കറ്റ് കിട്ടിയാൽ കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ നാസയ്‌ക്ക് വിൽക്കാമെന്നും വിശ്വസിപ്പിച്ചു. തുടർന്ന് നന്ദകുമാറിനെ അവിടേക്ക് കൂട്ടിക്കൊണ്ടു പോയി.
പിന്നീട് ഇറിഡിയം പുള്ളർ പരിശോധിക്കാൻ ജേക്കബിനെ വിളിപ്പിച്ചു. സ്ഥലത്തെത്തിയ ജേക്കബ് പരിശോധിക്കാൻ ആൻഡി റേഡിയേഷൻ കിറ്റുമായി വരാമെന്നും ടെസ്റ്റിന് 25 ലക്ഷം രൂപ വേണമെന്നും പറഞ്ഞു. ടെസ്റ്റ് ചെയ്ത് സർട്ടിഫിക്കറ്റ് കിട്ടിയാൽ ഒരു ലക്ഷം കോടി രൂപയ്‌ക്കു നാസയ്‌ക്കു വിൽക്കാമെന്നും വിശ്വസിപ്പിച്ചതോടെ 25 ലക്ഷം രൂപ ജേക്കബിന് നൽകി. എന്നാൽ പരിശോധനയ്‌ക്കുശേഷം റൈസ് പുള്ളറിന് പവറില്ലെന്ന് പറഞ്ഞു.
തുടർന്ന് തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ റൈസ് പുള്ളർ കാണിക്കാനായി നന്ദകുമാറിനെ കൂട്ടിക്കൊണ്ടുപോയി. ഓരോ തവണയും ടെസ്റ്റിംഗിനായി വൻതുക കൈക്കലാക്കി. തട്ടിപ്പിന് ചില വീട്ടുടമകളും കൂട്ടുനിന്നു. തട്ടിപ്പ് മനസിലായതോടെ നന്ദകുമാർ പൊലീസിൽ പരാതി നൽകി. പൊലീസിന്റെ നിർദ്ദേശപ്രകാരം എറണാകുളത്ത് പഴയ വീട്ടിൽ റൈസ് പുള്ളറുണ്ടെന്നും പരിശോധിച്ച് സർട്ടിഫിക്കറ്റ് തന്നാൽ 25 ലക്ഷം രൂപ തരാമെന്നും പറഞ്ഞ് ജേക്കബിനെ കൊച്ചിയിലെത്തിക്കുകയായിരുന്നു. ഇയാളിൽ നിന്ന് വ്യാജ തിരിച്ചറിയൽ കാർഡുകളും ആൻഡി റേഡിയേഷൻ കിറ്റെന്ന് പറഞ്ഞു കൊണ്ടുവന്ന ഫയർ സർവീസുകാർ ഉപയോഗിക്കുന്ന കോട്ടും കണ്ടെത്തി. ജേക്കബിന്റെ കൂട്ടാളികൾ ഒളിവിലാണ്.