 ജയിൽ - കോടതി വീഡിയോ കോൺഫറൻസിംഗ് ഉദ്ഘാടനം ചെയ്തു

 തടവുകാരെ കോടതികളിൽ നേരിട്ട് ഹാജരാക്കേണ്ടി വരില്ല

കൊച്ചി : കേരളത്തിലെ ജയിലുകളെയും കോടതികളെയും ബന്ധിപ്പിക്കുന്ന വീഡിയോ കോൺഫറൻസിംഗ് മാർച്ച് 31 ന് മുമ്പ് പൂർണമായും പ്രവർത്തനസജ്ജമാകുമെന്നും ഭാവിയിൽ കേസുകളുടെ വിചാരണയും ഒാൺലൈൻ വഴി നടത്താനുള്ള സൗകര്യം ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വീഡിയോ കോൺഫറൻസിംഗ് സംവിധാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഹൈക്കോടതി ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഇൗ സംവിധാനം നിലവിൽ വരുന്നതോടെ തടവുകാരെ കോടതികളിൽ നേരിട്ട് ഹാജരാക്കേണ്ടി വരില്ല. അതുവഴി എസ്കോർട്ട് ഡ്യൂട്ടിയിൽ നിന്ന് ദിനംപ്രതി 600 - 700 പൊലീസുകാരെ ഒഴിവാക്കാനാവും. തീവ്രവാദികൾ, മാവോയിസ്റ്റുകൾ തുടങ്ങിയ വിഭാഗങ്ങളിൽപ്പെടുന്ന തടവുകാരെ പുറത്തുകൊണ്ടുപോകുമ്പോഴുള്ള അപകടസാദ്ധ്യത ഒഴിവാക്കാനും കഴിയും. ജയിലുകളിൽ മെറ്റൽ ഡിറ്റക്ടർ, എക്സറേ സ്കാനിംഗ് തുടങ്ങിയവ സ്ഥാപിക്കാൻ ഭരണാനുമതി നൽകി. സിഡാക്ക് മുഖാന്തരം ജയിലുകളിൽ ടെട്രാ കമ്മ്യൂണിക്കേഷൻ സംവിധാനം സ്ഥാപിക്കാൻ ഭരണാനുമതി നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി ഇ.പി. ജയരാജൻ, ഹൈബി ഇൗഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, ആഭ്യന്തരവകുപ്പ് അഡി. ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത, ഡി.ജി.പി ലോക്‌നാഥ് ബെഹ്റ എന്നിവർ പങ്കെടുത്തു. ജയിൽ ഡി.ജി.പി ഋഷിരാജ്സിംഗ് സ്വാഗതവും ഹൈക്കോടതി രജിസ്ട്രാർ ജനറൽ കെ. ഹരിപാൽ നന്ദിയും പറഞ്ഞു.

ഉദ്ഘാടനത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ അഡി. സി.ജെ.എം കോടതി വീഡിയോ കോൺഫറൻസിംഗിലൂടെ പ്രതിയെ റിമാൻഡ് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും ചടങ്ങിൽ പ്രദർശിപ്പിച്ചു.