കൊച്ചി: ഫ്ലാറ്റ് പൊളിക്കലിനെ തുടർന്ന് ആശങ്കയിലായ സമീപവാസികൾക്ക് ആശ്വാസമേകാനാണ് ചെന്നൈ ഐ.ഐ.ടിയിലെ ആറംഗ സംഘം മരടിലെത്തിയത്. പക്ഷേ മരട് അവർക്ക് ഒരു പാഠമാകും. ആദ്യമായാണ് നിയന്ത്രിത സ്‌ഫോടനത്തിലുണ്ടാകുന്ന പ്രകമ്പനം സംഘം അളക്കുന്നത്. സർക്കാരിന് റിപ്പോർട്ട് നൽകുന്നതിനൊപ്പം, ലഭിച്ച വിവരങ്ങൾ കൂട്ടിച്ചേർത്ത് മരടിന്റെ മാതൃകയും തയ്യാറാക്കും. രാജ്യത്തും പുറത്തും സമാന ഭൂപ്രകൃതിയുള്ള സ്ഥലങ്ങളിലെ സ്‌ഫോടനങ്ങൾക്ക് ഇത് ഉപയോഗിക്കും.
സ്‌ഫോടനമുണ്ടാകുമ്പോൾ സമീപത്തെ വീടുകൾക്ക് നാശമുണ്ടാകുമോ എന്ന് അറിയാനാണ് ചെന്നൈ ഐ.ഐ.ടിയുടെ സഹായം സർക്കാർ തേടിയത്. ഇവരുടെ റിപ്പോർട്ടനുസരിച്ചാണ് വീട്ടുകാർക്ക് ഇൻഷ്വറൻസ് തുക ലഭിക്കുക. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ ഭൂമിയിലുണ്ടാകുന്ന പ്രകമ്പനം അളന്ന് നാശത്തിന്റെ തോത് കണ്ടെത്തുകയാണ് സംഘം ആദ്യം ചെയ്തത്. 12 ആക്‌സിലറോമീറ്ററുകൾ ഉപയോഗിക്കാനായിരുന്നു തീരുമാനം. കൂടുതൽ വിവരങ്ങൾ ശേഖരിക്കേണ്ടതിനാൽ വെലോസിറ്റി അളക്കുന്ന 24 ജിയോഫോണുകൾ കൂടി ഉപയോഗിക്കാൻ തീരുമാനിച്ചു. ആക്സിലറോമീറ്ററിൽ ഘടിപ്പിക്കാനുള്ള കേബിളുകൾ രണ്ടാഴ്ച കൊണ്ട് ഇംഗ്ളണ്ടിൽ നിന്ന് എത്തിച്ചു.
കോൺക്രീറ്റ് കട്ടയിൽ ഉപകരണങ്ങൾ ഘടിപ്പിച്ച് സ്‌ഫോടനം നടക്കുന്ന കെട്ടിടങ്ങളുടെ നൂറുമീറ്റർ ചുറ്റളവിൽ പലയിടങ്ങളിലായി കേബിളുകളിട്ടു. തുടർന്ന് കാറിലിരുന്നാണ് പ്രകമ്പനത്തോത് അളന്നത്. സ്‌ഫോടനം കുണ്ടന്നൂർ പാലത്തെ എങ്ങനെ ബാധിക്കുമെന്നറിയാൻ അതിനടിയിൽ ചലനം അളക്കാനുള്ള ആക്സിലറോമീറ്ററും സ്ട്രെയിൻ ഗേജും സ്ഥാപിച്ചിരുന്നു.
കടലിനടിയിലെ സ്‌ഫോടനം പോലെയുള്ളവയുടെ പ്രകമ്പനമാണ് ഇതുവരെ ഞങ്ങൾ അളന്നിട്ടുള്ളത്. ഇന്ത്യയിൽത്തന്നെ ചതുപ്പ് നിലത്തിൽ ആദ്യമായാണ് ഇത്ര വലിയ കെട്ടിടങ്ങൾ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കുന്നത്. അതുകൊണ്ടുതന്നെ കൂടുതൽ പഠനത്തിന് മരടിൽ നിന്നുള്ള റിപ്പോർട്ടുകൾ ഉപയോഗപ്പെടുത്തും - പ്രൊഫ.എ. ഭൂമിനാഥൻ
സംഘത്തലവൻ, ചെന്നൈ ഐ.ഐ.ടി