കൊച്ചി: മത്തിയുടെ ലഭ്യതയിലുണ്ടായ ഗണ്യമായ കുറവ് കാരണം ചെറുകിട മത്സ്യത്തൊഴിലാളികൾക്ക് കനത്ത നഷ്ടമുണ്ടായതായി കണ്ടെത്തൽ. മത്തിയുടെ കുറവ് കാരണം 2014 മുതൽ ചെറുകിട വള്ളങ്ങൾ ഉപയോഗിച്ചുള്ള മീൻപിടുത്തം പകുതിയിലേറെ കുറഞ്ഞതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സി.എം.എഫ്.ആർ.ഐ) ഗവേഷകർ കണ്ടെത്തി. സി.എം.എഫ്.ആർ.ഐയിൽ നടന്ന രാജ്യാന്തര മറൈൻ സിമ്പോസിയത്തിലാണ് പഠന റിപ്പോർട്ട് അവതരിപ്പിച്ചത്.

ചെറിയ വള്ളങ്ങളിൽ നിന്നുള്ള ശരാശരി വരുമാനം 12,000 രൂപയായിരുന്നത് 2014 ന് ശേഷം ശരാശരി 2500 രൂപയായി കുറഞ്ഞുവെന്ന് പഠനത്തിന് നേതൃത്വം നൽകിയ സി.എം.എഫ്.ആർ.ഐയിലെ സീനിയർ സയന്റിസ്റ്റ് ഡോ എൻ അശ്വതി പറഞ്ഞു. 2010 മുതൽ 2018 വരെയുള്ള മത്സ്യലഭ്യതയും വരുമാനവുമാണ് പഠനവിധേയമാക്കിയത്. ഇക്കാലയളവിൽ മത്തിയുടെ ലഭ്യത 2.5 ലക്ഷം ടണ്ണിൽ നി്ന്നും 77,000 ടണ്ണായാണ് കുറഞ്ഞത്. ശരാശരി 19.82 ശതമാനം വാർഷിക കുറവാണ് മത്തിയിലുണ്ടായത്.

വി​ലകൂടി​യി​ട്ടും വരുമാനം കുറഞ്ഞു

മത്തിക്ക് ക്ഷാമം നേരിട്ടപ്പോൾ, ചില്ലറ വ്യാപാരത്തിൽ മത്തിയുടെ വില ശരാശരി 47 രൂപയിൽ നിന്നും 120 രൂപയായി ഉയർന്നു. എന്നിട്ടും, മത്തിയുടെ മൂല്യം 1219 രൂപ കോടി രൂപയിൽ നിന്നും 925 കോടി രൂപയായി ഇടിഞ്ഞതായും പഠനത്തിൽ വ്യക്തമാക്കുന്നു.

കേരളത്തിലെ സാധാരണ മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധിയുടെ ആഴം വെളിപ്പെടുത്തതാണ് ഈ പഠനം. മത്തിയുടെ ഏറ്റക്കുറച്ചിലുകൾ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കുന്നതാണെന്ന് ഡോ അശ്വതി പറഞ്ഞു.

2012 ൽ 3.9 ലക്ഷം ടൺ മത്തി കേരള തീരങ്ങളിൽ നിന്ന് ലഭിച്ചിരുന്നു. എന്നാൽ പിന്നീടുള്ള വർഷങ്ങളിൽ മത്തിയുടെ ലഭ്യതയിൽ ഗണ്യമായ കുറവുണ്ടായി. 2017ൽ നേരിയ വർദ്ധനവുണ്ടായെങ്കിലും വീണ്ടും മത്തി കുറഞ്ഞു. 2018ൽ 77,093 ടൺ മത്തിയാണ് കേരളത്തിൽ ലഭ്യമായത്.

ചെറുകിട വള്ളങ്ങൾ ഉപയോഗിച്ചുള്ള മീൻപിടുത്തം പകുതിയിലേറെ കുറഞ്ഞു

2012 ൽ 3.9 ലക്ഷം ടൺ മത്തി

2018ൽ 77,000 ടൺ

മാത്രം