രാവിലെ 7.30
'നടക്കില്ല ചേട്ടാേ, അവിടെ നിൽക്ക്". പൊലീസുകാരന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ടാണ് തിരിഞ്ഞു നോക്കിയത്. എഴുപതു വയസ് പ്രായമുള്ളയാളുമായി മൽപ്പിടിത്തത്തിലാണ് പൊലീസുകാരൻ. പത്തനംതിട്ട കോഴഞ്ചേരി മാരാമൺ സ്വദേശിയാ തങ്കച്ചന് ഒരു ലക്ഷ്യമേയുള്ളൂ, നിയന്ത്രണ രേഖ കടന്ന് ഫ്ളാറ്റ് പൊളിക്കൽ കാണണം. ഒടുവിൽ തടഞ്ഞ പൊലീസുകാരനു നേരെ പൊട്ടിത്തെറിഞ്ഞു. 'ചാകുന്നെങ്കിൽ ചാകട്ടെ സാറെ, പൊളി കണ്ടേ പോകൂ". അതുകേട്ട് ക്രുദ്ധനായി നിന്ന പൊലീസുകാരനും ചിരിച്ചുപോയി.
ഫ്ളാറ്റ് പൊളിക്കൽ കാണാൻ തങ്കച്ചൻ തലേദിവസമേയെത്തി. എറണാകുളം സൗത്തിൽ മുറി കിട്ടാത്തതിനാൽ നോർത്തിൽ തങ്ങി. രാവിലെ കുണ്ടന്നൂർ പാലത്തിനടുത്തെത്തി. ഫ്ളാറ്റ് വീഴുന്നത് നന്നായി കാണാനുള്ള സ്ഥലം നോക്കുന്നതിനിടെയാണ് പൊലീസുകാരന്റെ മുന്നിൽപ്പെട്ടത്.
ഇന്ത്യയിലെ ആദ്യ സംഭവം കാണാൻ തങ്കച്ചനെ പോലെ വിവിധിയിടങ്ങളിൽ നിന്നെത്തിയത് ആയിരങ്ങളാണ്. ദേശീയ പാതയിൽ കുണ്ടന്നൂർ കുമ്പളം റോഡിൽ ജനം തിങ്ങിക്കൂടി. എല്ലാവർക്കും മൊബൈലിൽ ചിത്രമെടുക്കണം. കൈക്കുഞ്ഞുങ്ങളുമായും പലരുമെത്തി.
രാവിലെ 10.00
റോഡുകൾ തിങ്ങി നിറഞ്ഞു. പൊലീസ് കർശന നിയന്ത്രണമുറപ്പാക്കി. ബലക്ഷയം മൂലം കയറരുതെന്ന് കളക്‌ടർ ഉത്തരവിട്ട കെട്ടിടത്തിലും പൊലീസുകാരെത്തും മുമ്പേ കാഴ്ചക്കാർ തമ്പടിച്ചു. അവരോട് സ്വന്തം റിസ്‌ക്കിൽ നിക്കണമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്.
10:32
ഫ്ളാറ്റുകൾ പൊളിക്കുന്നതിനു മുന്നോടിയായി ആദ്യ സൈറൺ
11:10
സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കിയുള്ള രണ്ടാം സൈറൺ. (10:55 ന് മുഴങ്ങേണ്ട സൈറൺ 15 മിനിട്ട് വൈകിയാണ് നൽകിയത്). സാങ്കേതിക പിഴവെന്ന സംശയങ്ങളുണ്ടായി. എന്നാൽ നാവികസേന ഹെലികോപ്‌ടറിന്റെ നിരീക്ഷണ പറക്കൽ കാരണമാണ് സൈറൺ വൈകിയത്. മുൻകൂട്ടി നിശ്ചയിച്ച പദ്ധതിയിൽ നിരീക്ഷണ പറക്കൽ ഇല്ലായിരുന്നു. കര, വായു, കായൽ സുരക്ഷ ഉറപ്പെന്ന സന്ദേശം നാവികാസ്ഥാനത്തു നിന്ന് ലഭിച്ചതോടെ രണ്ടാമത്തെ സൈറൺ.
11:16
ഹോളിഫെയ്‌ത്ത് ഫ്ളാറ്റ് പൊളിക്കുന്നതിന് ഒരു മിനിട്ട് നീളുന്നന മൂന്നാം സൈറൺ മുഴങ്ങി
11:17
ഹോളിഫെയ്‌ത്ത് ഫ്ളാറ്റിൽ സ്‌ഫോടനം. അഞ്ചു സെക്കൻഡിൽ ഫ്ളാറ്റ് ചാരമായി. പരിസരം പൊടി വിഴുങ്ങി. വടക്കു പടിഞ്ഞാറൻ ദിശയിലുള്ള കാറ്റിനനുസരിച്ച് പൊടി നീങ്ങി. ഇവിടെ അഗ്നിശമന സേന വെള്ളം ചീറ്റിച്ചു. സ്‌ഫോടനത്തിന്റെ ശക്തിയിൽ തേവര പാലത്തിലേക്ക് മരം കടപുഴകി . ഡോ. മനോജിന്റെ വീടിന്റെ പുറത്തും മരം വീണു. വേറെ നാശനഷ്‌ടങ്ങളില്ല.
11:22
പൊടിശല്യം അടങ്ങി. ഹോളിഫെയ്‌ത്ത് നിലനിന്ന സ്ഥലത്ത് കെട്ടിടാവശിഷ്ടങ്ങളുടെ കൂമ്പാരം ദൃശ്യമായി. മുൻകൂട്ടി നിശ്ചയിച്ച സ്ഥലത്തു തന്നെ ഫ്ളാറ്റ് നിലം പൊത്തിയെന്നും കുണ്ടന്നൂർ പാലം സുരക്ഷിതമെന്നും ഔദ്യോഗിക വിശദീകരണം.
11:41
ആൽഫ സെറീൻ ഫ്ളാറ്റുകൾ പൊളിക്കാനുള്ള സൈറൺ മുഴങ്ങി.
11:42
ആൽഫ സെറീന്റെ ബി ടവർ സ്‌ഫോടനത്തിൽ നിലം പൊത്തി. കെട്ടിടാവശിഷ്ടങ്ങളുടെ പകുതിയോളം കായലിലേക്ക്. ജനവാസ കേന്ദ്രം ഒഴിവാക്കി വീഴ്‌ത്താനാണ് കായൽ തിരഞ്ഞെടുത്തത്.
11:43
ആൽഫ സെറീന്റെ എ ടവറിൽ സ്‌ഫോടനം. അഞ്ചു സെക്കൻഡിനുള്ളിൽ അതും നിലം പൊത്തി. ചുറ്റും പൊടിപടലം.
11:52
ആൽഫ സെറീൻ ടവറുകളിലെ പൊടിശല്യം കെട്ടടങ്ങി.
12:00
ആദ്യ ദിനത്തിലെ ദൗത്യം പൂർണവിജയമെന്ന് ജില്ലാ ഭരണകൂടം. നിലവിൽ അത്യാഹിതമില്ലെന്നും വിശദീകരണം. നിമിഷങ്ങൾക്കകം കാഴ്ചക്കാരും മടങ്ങി.