കോലഞ്ചേരി: ഒഴിപ്പിച്ചിട്ടും വിട്ടു പോകാൻ തയാറാകാതെ പ്ലാസ്റ്റിക്. ചെറിയ കടകളിൽ നിന്നു വ്യാപാരികൾ പ്ളാസ്റ്റിക് ഒഴിവാക്കാൻ തയ്യാറായപ്പോൾ പ്ലാസ്​റ്റിക്കിനെ അത്ര വേഗം പറഞ്ഞു വിടാൻ മനസില്ലാതെ സൂപ്പർ മാർക്ക​റ്റുകൾ. ഇപ്പോഴും പ്ളാസ്റ്റിക് കവറിലിട്ടു തന്നെയാണ് മിക്ക കച്ചവടക്കാരും സാധനങ്ങൾ നൽകുന്നത്. കവറിനോട് ബൈ പറയാൻ കച്ചവടക്കാർക്ക് മടിയാണ്.

പേപ്പർ ബാഗുകൾ ഉപയോഗിച്ചു തുടങ്ങിയ കടകളും കുറവല്ല. ചിലരാകട്ടെ, വീടുകളിൽ നിന്നു തുണി സഞ്ചികളുമായെത്തി സാധനങ്ങൾ വാങ്ങി മടങ്ങുന്നവരാണ് കുടുംബശ്രീ മുഖേന നിർമിച്ചു നൽകുന്ന തുണിസഞ്ചികൾക്ക് പുറമേ, പ്ലാസ്റ്റിക് നിരോധനത്തോടെ തുണിസഞ്ചികളും പേപ്പർ ബാഗുകളും സജീവമായിട്ടുണ്ട്.

പച്ചക്കറി കടകളിൽ ഭൂരിഭാഗം പേരും പേപ്പർ കവറുകൾ ഉപയോഗിച്ചു തുടങ്ങി.കൂടാതെ ന്യൂസ് പേപ്പറിൽ പൊതിഞ്ഞ് ചണ നൂലിൽ കെട്ടി കൊടുത്തിരുന്ന പഴയ കാലവും തിരിച്ചെത്തി.മുട്ട കടകളിൽ എത്തിയിരുന്നത് പ്ളാസ്റ്റിക് ട്രേകളിലായിരുന്നു അതൊഴിവാക്കി പേപ്പർ സ്റ്റാൻഡുകൾ ഇടം പിടിച്ചിട്ടുണ്ട്.പ്ളാസ്റ്റിക്കിനു പകരമായി എത്തി തുണി സഞ്ചി വ്യാപകമായി എത്തിയെങ്കിലും വിലയാണ് പ്രശ്നം. ഒരു കിലോ അരി വിറ്റാൽ കിട്ടുന്നത് ഒന്നര രൂപയാണ്. അഞ്ച് കിലോ വാങ്ങുന്ന ഒരാൾക്ക് ബയോ ബാഗോ, തുണി സഞ്ചിയോ കൊടുത്താൽ ബാഗിനു മാത്രം വില 7 രൂപയോളമാകും, സഞ്ചിയുടെ വില വാങ്ങിയാൽ കടയിൽ വില കൂടുതലാണെന്ന ചീത്ത പേരും. വാങ്ങാനെത്തുന്നവർ സഞ്ചി കൊണ്ടു വരിക തന്നെ വേണം അല്ലാതെ നിരോധനം എങ്ങിനെ നടപ്പാക്കുമെന്നാണ് പട്ടിമറ്റത്തെ മൊത്ത വ്യാപാരി മമ്മി ചോദിക്കുന്നത്.

വിലയാണ് വില്ലൻ

മണ്ണിനോട് അലിഞ്ഞു ചേരുന്ന ബയോ പ്ളാസ്റ്റ് കവറുകൾ എത്തിയിട്ടുണ്ട് വിലയാണ് പ്രശ്നം. വില 7 രൂപയിലാണ് തുടക്കം. വലുത് 15 വരെയെത്തും. തുണി സഞ്ചി ചെറുതിന് 5 രൂപയും വലുതിലേക്കെത്തുമ്പോൾ 10 രൂപ വരെ എത്തുന്നു.

കടയിൽ നിന്നും പ്ളാസ്റ്റിക് കവറിലിട്ട് വാങ്ങിയ ശീലം വാങ്ങാനെത്തുന്നവർ ഉപേക്ഷിച്ചിട്ടില്ലാത്തതാണ് പ്രശ്നമെന്ന് എൻ.കെ.പി ട്രേഡഴ്സിലെ എൻ.പി ബാജി പറയുന്നു.

സിമന്റ് കവർ

ഇതിനൊപ്പം സിമന്റ് കവറുകളും മാർക്ക​റ്റിൽ സജീവമാണ് .സിമന്റ് എത്തിക്കുന്ന കട്ടികൂടിയ പേപ്പർ വൃത്തിയാക്കിയാണ് സിമന്റ് കവറുകൾ നിർമിക്കുന്നത്.

വിവിധ മോഡൽ കവറുകൾ

വിവിധ മോഡൽ പേപ്പർ കവറുകൾ വില്പനയ്ക്ക് എത്തിയിട്ടുണ്ട്. വിവിധ വലുപ്പത്തിലുള്ളവയും പ്ലാസ്​റ്റിക് കവറുകൾ പോലെ തൂക്കിപ്പിടിക്കാൻ കഴിയില്ലെന്നതാണു പോരായ്മ. വിവിധ വലുപ്പത്തിലുള്ള കവറുകളിൽ 25 കിലോഗ്രാം വരെ വഹിക്കാൻ സാധിക്കുന്നവയുമുണ്ട്.

പ്ളാസ്റ്റിക്കിനെ കൈവിടാതെ ഫുഡ് ഡെലിവറി

ഓൺലൈൻ ഫുഡ് ഡെലിവറി പ്ളാസ്റ്റിക്കിനെ ഇപ്പോഴും കൈവിടാത്തത് ഇവരാണ്. ഫുഡ് ഡെലിവറി സംവിധാനത്തിലൂടെ ഭക്ഷണം എത്തിക്കുമ്പോൾ പ്ളാസ്റ്റിക് വിട്ടൊരു കളിയുമില്ല, കാര്യവുമില്ല എന്നതാണു സ്ഥിതി. ഓൺലൈൻ വഴി വാങ്ങുന്ന എല്ലാ ആഹാരവും പ്ളാസ്റ്റിക് ട്രേകളിലോ, ഫോയിൽ കവറുകളിലോ ആണ് ഇപ്പോഴുമെത്തിക്കുന്നത്. ജ്യൂസ് ആകട്ടെ പ്ളാസ്റ്റിക് പാക്കറ്റിലാണ് എത്തിക്കുന്നത്. അതിനൊപ്പം പ്ലാസ്റ്റിക് സ്‌ട്രോയും.ഇത് എത്തിച്ചതാകട്ടെ പ്ലാസ്​റ്റിക് കവറിലും.