കൊച്ചി : മരടിലെ ഫ്ളാറ്റുകൾ നിലം പൊത്തുന്നത് ഒരു വ്യാഴവട്ടം നീണ്ട നിയമയുദ്ധത്തിനൊടുവിൽ. തീരപരിപാലന നിയമം ലംഘിച്ചതിന് തദ്ദേശ ഭരണ വകുപ്പ് മരട് പഞ്ചായത്തിന് 2007 ജൂൺ നാലിന് നൽകിയ നോട്ടീസിലാണ് തുടക്കം. തുടർന്ന് ബിൽഡിംഗ് പെർമ്മിറ്റ് റദ്ദാക്കാൻ പഞ്ചായത്ത് സെക്രട്ടറി ബിൽഡർമാർക്ക് ഷോകോസ് നോട്ടീസ് നൽകി.
തീരപരിപാലന നിയമം
1996 ലെ കോസ്റ്റൽ സോൺ മാനേജ്മെന്റ് പ്ളാൻ അനുസരിച്ച് മരട് പഞ്ചായത്ത് സോൺ മൂന്നിലാണ്. വേലിയേറ്റ രേഖയിൽ നിന്ന് 200 മീറ്റർ അകലെ മാത്രമെ നിർമ്മാണം പാടുള്ളൂ. തീര പരിപാലന അതോറിറ്റിയുടെ ക്ളിയറൻസും വേണം. ഇതു വാങ്ങാതെ പഞ്ചായത്ത് അനുമതി നൽകിയത് വിനയായി. 2010 ൽ മരട് പഞ്ചായത്ത് നഗരസഭയായി.
ഹൈക്കോടതി
ഷോകോസ് നോട്ടീസിനെതിരെ ബിൽഡർമാർ നൽകിയ ഹർജി ഹൈക്കോടതി സിംഗിൾബെഞ്ച് അനുവദിച്ചു. വൻതുക മുടക്കി നിർമ്മിച്ച കെട്ടിടങ്ങൾ നിയമ വിരുദ്ധമാണെന്ന് കണ്ടെത്തി അനുമതി നിഷേധിക്കാനാവില്ലെന്നായിരുന്നു നഗരസഭയുടെ അപ്പീലിലും ഡിവിഷൻ ബെഞ്ചിന്റെ നിലപാട്.
സുപ്രീം കോടതി
കെട്ടിടങ്ങൾ നിയമപരമല്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. മരട് പഞ്ചായത്ത് നഗരസഭയായതോടെ മൂന്നാം സോണിലല്ലെന്ന വാദം പരിശോധിക്കാൻ തദ്ദേശഭരണ വകുപ്പ് സെക്രട്ടറി ഉൾപ്പെട്ട മൂന്നംഗ സമിതിയെ നിയോഗിച്ചു. മരട് നഗരസഭ സോൺ രണ്ടിലേക്ക് മാറുമെങ്കിലും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇത് അംഗീകരിക്കും വരെ സോൺ മൂന്നാണ് ബാധകമെന്ന് സമിതി റിപ്പോർട്ട് ചെയ്തു. തുടർന്ന് ഫ്ളാറ്റുകൾ ഒരു മാസത്തിനുള്ളിൽ പൊളിച്ചു നീക്കി റിപ്പോർട്ട് നൽകാൻ 2019 മേയ് എട്ടിന് ഉത്തരവിട്ടു.
നടപടി
പുനഃപരിശോധനാ ഹർജി, തിരുത്തൽ ഹർജി തുടങ്ങിയവയൊക്കെ സുപ്രീം കോടതി നിരസിച്ചു. പൊളിക്കാൻ സമയക്രമം നിശ്ചയിച്ച് നൽകാൻ സർക്കാരിന് അന്ത്യശാസനം നൽകിയതോടെ നടപടിയിലേക്ക് നീങ്ങി.