kanjirapally-bishop-jose-

 ഫാ. പീറ്റർ കൊച്ചുപുരയ്ക്കൽ പാലക്കാട് സഹായമെത്രാൻ

കൊച്ചി: കാഞ്ഞിരപ്പള്ളി രൂപതയുടെ പുതിയ ബിഷപ്പായി ജോസ് പുളിക്കലിനെയും പാലക്കാട് സഹായമെത്രാനായി ഫാ. പീറ്റർ കൊച്ചുപുരയ്ക്കലിനെയും സീറോ മലബാർ സഭാ സിനഡ് തിരഞ്ഞെടുത്തു. സഭാതലവൻ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി നിയമനങ്ങൾ പ്രഖ്യാപിച്ചു.
കാഞ്ഞിരപ്പള്ളി രൂപതയുടെ മൂന്നാമത്തെ ബിഷപ്പ് മാത്യു അറയ്ക്കലിന് 75 വയസ് തികഞ്ഞതിനാലാണ് പുതിയ നിയമനം. ജോസ് പുളിക്കലിന്റെയും ഫാ. പീറ്റർ കൊച്ചുപുരയ്ക്കലിന്റെയും സ്ഥാനാരോഹണ തീയതി പിന്നീട് തീരുമാനിക്കും.
1964 മാർച്ച് 3 ന് ഇഞ്ചിയാനി പുളിക്കൽ ആന്റണിയുടെയും മറിയാമ്മയുടെയും മകനായി ജനിച്ച ജോസ് പുളിക്കൽ 1991 ജനുവരി ഒന്നിന് പൗരോഹിത്യം സ്വീകരിച്ചു. ബംഗളൂരു ധർമ്മാരാം വിദ്യാക്ഷേത്രത്തിൽ നിന്ന് ബൈബിൾ വിജ്ഞാനീയത്തിൽ ഡോക്ടേറേറ്റ് നേടി. കാഞ്ഞിരപ്പള്ളി രൂപതയുടെ സഹായ മെത്രാനായി 2016 ഫെബ്രുവരി 4 ന് അഭിഷേകം ചെയ്യപ്പെട്ടു. ധ്യാനഗുരുവും വാഗ്മിയും ഗ്രന്ഥകാരനുമാണ്. കാഞ്ഞിരപ്പള്ളി രൂപതയുടെ നാലാമത്തെ ബിഷപ്പാണ്.

പാലക്കാട് രൂപതയുടെ സഹായ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ട ഫാ. പീറ്റർ കൊച്ചുപുരയ്ക്കൽ 1964 ൽ പാലാ രൂപതയിലെ മരങ്ങോലിയിലാണ് ജനിച്ചത്. ആലുവ പൊന്തിഫിക്കൽ സെമിനാരിയിൽ നിന്ന് വൈദിക പരിശീലനം പൂർത്തിയാക്കി. വിവിധ ഇടവകകളിലും സ്ഥാപനങ്ങളിലും പ്രവർത്തിച്ചു. റോമിലെ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സഭാ നിയമത്തിൽ ഡോക്ടറേറ്റ് നേടി. പാലക്കാട് രൂപതയുടെ പ്രഥമ സഹായമെത്രാനായാണ് അദ്ദേഹം അഭിഷിക്തനാകുന്നത്. സഭാ നിയമപണ്ഡിതനും പ്രഭാഷകനുമാണ്. ഇംഗ്ലീഷ്, ഇറ്റാലിയൻ, ജർമ്മൻ ഭാഷകളിൽ വിദഗ്ദ്ധനാണ്.