life
മൂവാറ്റുപുഴ ബ്ലോക്ക് തല ലൈഫ് മിഷൻ കുടുംബ സംഗമം എൽദോ എബ്രഹാം എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: ഭവന രഹിതർക്ക് കൈ താങ്ങാകുന്നതിൽ ലൈഫ് പദ്ധതി രാജ്യത്തിന് തന്നെ മാത്യകയാണെന്ന് എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു. ലൈഫ് മിഷൻ പദ്ധതി പ്രകാരം വീട് ലഭിച്ച ഗുണഭോക്താക്കളുടെ മൂവാറ്റുപുഴ ബ്ലോക്ക് തല കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാരന്റെ ഏറ്റവും വലിയ ആഗ്രഹമാണ് സ്വന്തമായി ഒരു വീട് എന്നത്. ഇതിന്റെ പ്രാധാന്യം മനസിലാക്കിയാണ് സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ലൈഫ് മിഷന് സംസ്ഥാന സർക്കാർ കൈതാങ്ങാകുന്നതെന്നും എം.എൽ.എ കൂട്ടി ചേർത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എൻ.അരുൺ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഭാഷ് കടക്കോട്, പഞ്ചായത്ത് പ്രസിഡന്റ്മാരായ ജോർഡി.എൻ.വർഗീസ്, ആലീസ്.കെ. ഏലിയാസ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഓ.പി.ബേബി, ജാൻസി ജോർജ്, തുടങ്ങിയവരും വിവിധ ജന പ്രതിനിധികളും പ്രസംഗിച്ചു. ബ്ലോക്ക് പരിധിയിലെ 8 ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ള 369 ലൈഫ് ഗുണഭോക്താക്കളാണ് സംഗമത്തിൽ പങ്കെടുത്തത്. സംഗമത്തിനെത്തിയ ഗുണഭോക്താക്കളുടെ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 18 സർക്കാർ വകുപ്പുകളുടെ സ്റ്റാളുകളും കുടുംബ സംഗമത്തിൽ പ്രവർത്തിച്ചു.