കൊച്ചി: എല്ലാം കിറുകൃത്യം. മുന്നറിയിപ്പ് സൈറനുകൾ മുഴങ്ങി. മൂന്നാമത്തെ സൈറന്റെ അവസാനം മാലപ്പടക്കം പൊട്ടുന്ന ശബ്ദം. കണ്ണടച്ചു തുറക്കുന്ന നിമിഷങ്ങൾ മാത്രം. പത്തൊൻപതും പതിനാറും നിലകളിൽ തലഉയർത്തി നിന്ന കൂറ്റൻ ഫ്ലാറ്റ് സമുച്ചയങ്ങൾ തവിടുപൊടിയായി. മിനിറ്റുകൾക്കകം പൊടിപടലങ്ങൾ അടങ്ങിയപ്പോൾ ആഢംബര സമുച്ചയങ്ങൾ കോൺക്രീറ്റ് അവശിഷ്‌ടങ്ങളുടെ കൂമ്പാരമായി കിടക്കുന്നു. അപകടസാദ്ധ്യതയെ പറ്റി ആശങ്കപ്പെട്ടവർ ആശ്വസിച്ചു...
തീരദേശ പരിപാലന നിയമം ലംഘിച്ച് മരടിൽ നിർമ്മിച്ച മൂന്ന് പടുകൂറ്റൻ ഫ്ളാറ്റ് സമുച്ചയങ്ങളാണ് സമീപപ്രദേശത്തിന് യാതൊരു കേടുപാടും വരുത്താതെ നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഇന്നലെ രാവിലെ തകർത്തത്. കുണ്ടന്നൂർ ജംഗ്ഷനിലെ ഹോളി ഫെയ്‌ത്ത് എച്ച്.2.ഒ, നെട്ടൂരിലെ ആൽഫ സെറീൻ ഇരട്ട ഫ്ളാറ്റ് എന്നിവ. ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ ഫ്ളാറ്റുകൾ ഇന്ന് തകർക്കും.
സുപ്രീം കോടതി ഉത്തരവുപ്രകാരമാണ് മരട് മുനിസിപ്പാലിറ്റിയിലെ അഞ്ചു ഫ്ളാറ്റുകൾ പൊളിക്കുന്നത്. ആസൂത്രണം ചെയ്തതുപോലെ ദൗത്യം വിജയിച്ചെന്ന് അധികൃതർ അറിയിച്ചു.
ആദ്യം വീണത് 19 നിലകളുള്ള എച്ച്.2.ഒ
എച്ച്.2.ഒയിൽ 11നാണ് സ്ഫോടനം നിശ്ചയിച്ചത്.
10.32 ന് ആദ്യ സൈറൺ മുഴക്കി.
ദേശീയപാതയിലുൾപ്പെടെ ഗതാഗതം തടഞ്ഞു.
നേവി ഹെലികോപ്ടറിന്റെ വ്യോമനിരീക്ഷണം
നിരീക്ഷണത്തിന്റെ വിവരം ലഭിക്കാൻ സ്‌ഫോടനം നീട്ടി.
എല്ലാം ഭദ്രമെന്ന് നാവികസേന അറിയിച്ചു
11.10 ന് രണ്ടാം സൈറൺ
11.17 ന് മൂന്നാം സൈറൺ
കൺട്രോൾ റൂമിലെ ബ്ളാസ്റ്റർ അമർത്തി
11.17ന് മാലപ്പടക്കത്തിന്റെ ശബ്ദം
സെക്കൻഡുകളിൽ ഫ്ളാറ്റ് നിലംപൊത്തി.
11.42 ന് ആൽഫ സെറീനിന്റെ ടവർ എ തകർന്നു
പിന്നാലെ ടവർ ബിയും നിലംപതിച്ചു.
എച്ച്.2.ഒവിലെ സ്ഫോടനത്തിന് ചെറിയ ശബ്ദം
16 നിലകളുള്ള ആൽഫയിൽ കുറേക്കൂടി ശബ്ദം
എല്ലാം സുരക്ഷിതം
എച്ച്.2.ഒയുടെ അവശിഷ്‌ടങ്ങൾ മരത്തിൽ വീണതും ഒരു വീട്ടിലെ ഒരു ടൈലും ജനൽച്ചില്ലും പൊട്ടിയതും മാത്രമാണ് കേടുപാട്. വലിയ തോതിൽ പൊടിയും പറന്നില്ല. ഒരു കോൺക്രീറ്റ് ചീളുപോലും സമീപത്തെ പറമ്പുകളിൽ വീണില്ല.
ഇന്നലെ രാവിലെ എട്ടിന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഒമ്പതിന് പരസരത്ത് ആരുമില്ലെന്ന് ഉറപ്പാക്കി. റോഡുകളുടെയും കായലിന്റെയും നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. വൈകിട്ട് അഞ്ചു വരെ നിരോധനാജ്ഞ തുടർന്നു.
''സ്ഫോടനം സമ്പൂർണ വിജയം''
- ആർ. വേണുഗോപാൽ
ഡെപ്യൂട്ടി ഡയറക്ടർ
പെട്രോളിയം ആൻഡ് എക്സ്‌പ്ളോസീവ്സ് ഓർഗനൈസേഷൻ (പെസോ)
അവശിഷ്‌ടങ്ങൾ നിശ്ചയിച്ച പരിധിയിൽ തന്നെയാണ് വീണത്. സ്ഫോടനം വിജയകരമായിരുന്നു
-- ജില്ലാ കളക്ടർ എസ്. സുഹാസ്