bank
ശതാബ്ദി ആഘോഷിക്കുന്ന ഓച്ചന്തുരുത്ത് സർവീസ് സഹകരണ ബാങ്ക്

വൈപ്പിൻ : ഓച്ചന്തുരുത്ത് സർവീസ് സഹകരണ ബാങ്ക് ശതാബ്ദി സമാപന സമ്മേളനം 14ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ശതാബ്ദി സ്മാരകമായി മുരിക്കുംപാടത്ത് സ്ഥാപിക്കുന്ന ഓസ്‌കോ ഹൈടെക് മെഡിക്കൽ ലാബിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. ബാങ്ക് സഹകരണനിലയം ഹാളിൽ ചേരുന്ന സമ്മേളനത്തിൽ എസ്. ശർമ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സുവനീർപ്രകാശനം, പുസ്തകപ്രകാശനം, ബാങ്ക് പരിധിയിലെ മികച്ച കലാകാരന്മാർ, കായികതാരങ്ങൾ എന്നിവരെ ആദരിക്കൽ എന്നിവ ഹൈബി ഈഡൻ എം പി നിർവഹിക്കും. മുൻ ഭരണസമിതി അംഗങ്ങളെയും ആദരിക്കും. അംഗങ്ങളുടെ മക്കളിൽ ഭിന്നശേഷിക്കാരായവർക്കു ഏർപ്പെടുത്തുന്ന സ്‌നേഹസ്പർശം പെൻഷൻ പദ്ധതി അഡീഷണൽ അഡ്വക്കേറ്റ് ജനറൽ രഞ്ജിത്ത് തമ്പാൻ ഉദ്ഘാടനം ചെയ്യും. മുൻജീവനക്കാരെ എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഉണ്ണിക്കൃഷ്ണൻ ആദരിക്കും. കാർഷിക ഉത്പന്നങ്ങളുടെ പ്രദർശനവും വില്പനയും ബാങ്ക് പ്രസിഡന്റ് ആൽബി കളരിക്കൽ ഉദ്ഘാടനം ചെയ്യും. വാദ്യമേളത്തോടെ ദീപശിഖാ പ്രയാണം നടക്കും. നിലവിലുണ്ടായിരുന്ന ഓഡിറ്റോറിയം ശതാബ്ദി സ്മാരകമായി നവീകരിച്ചു. ഷട്ടിൽ ഇൻഡോർ കോർട്ടും 2 മിനിഹാളും നിർമിച്ചതായി പ്രസിഡന്റ് ആൽബി കളരിക്കൽ, വൈസ് പ്രസിഡന്റ് ലോഗസ് ലോറൻസ്, ഭരണസമിതി അംഗം എ. എ. സാബു, അസി.റജിസ്ട്രാർ കൂടിയായ സെക്രട്ടറി എ. എസ്. ഗോപാലകൃഷ്ണൻ എന്നിവർ അറിയിച്ചു.