# വോട്ടു ചോദിച്ച് ഈ വഴി വരല്ലേ
കൊച്ചി: മരടിൽ ഫ്ളാറ്റ് തകർത്തതിനെ തുടർന്നുണ്ടായ പൊടിശല്യം പരിഹരിക്കുന്നതിന് ഫലപ്രദമായ നടപടി സ്വീകരിച്ചില്ലെന്ന പരാതിയുമായി ഹോളി ഫെയ്ത്തിന്റെ സമീപവാസികൾ മരട് മുനിസിപ്പൽ അദ്ധ്യക്ഷ ടി.എച്ച്. നദീറയോട് പ്രതിഷേധിച്ചു.
വരാന്തയിൽ നോട്ടീസ് എറിഞ്ഞു പോയതല്ലാതെ സുരക്ഷാ നിർദേശങ്ങളൊന്നും നൽകിയില്ല. പൊടി ശമിപ്പിക്കുന്നതിനായി ഫയർ എൻജിനുകൾ വെള്ളം ചീറ്റിക്കുമെന്ന വാക്ക് പാലിച്ചില്ല. തങ്ങളുടെ ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് അന്വേഷിച്ചില്ല. ഈ പരാതികൾക്ക് പരിഹാരമുണ്ടായില്ലെങ്കിൽ മുനിസിപ്പാലിറ്റി ഓഫീസിന് മുന്നിൽ ധർണ നടത്തുമെന്ന് സ്ത്രീകൾ ഉൾപ്പെടെ മുന്നറിയിപ്പ് നൽകി
• ചേച്ചി, നമ്മളെല്ലാം സേയ്ഫാ,
തങ്ങളുടെ വീട്ടിലേക്ക് കടന്നുവന്ന അയൽക്കാരിയെ കണ്ടപ്പോൾ ഹോളിഫെയ്ത്ത് ഫ്ളാറ്റിന്റെ സമീപത്തുള്ള നെടുമ്പറമ്പിൽ വീട്ടിലെ ഇളയആൺതരി സന്തോഷത്തോടെ ആർത്തുവിളിച്ചു. ജീവൻ
തിരിച്ചു കിട്ടിയതിൽ ആശ്വാസമുണ്ടെങ്കിലും പൊടി ശല്യമുൾപ്പെടെ ഭാവിയിലെ മാലിന്യ പ്രശ്നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുമെന്നായി അടുത്ത ചർച്ച.
തിരിച്ചെത്തിയ പാടേ എല്ലാവരും വീടു വൃത്തിയാക്കി. പൊടി തടയുന്നതിനായി വെന്റിലേറ്ററുകൾ വരെ മൂടിയിരിക്കുകയാണ്. തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതു വരെ ഇതു മാറ്റേണ്ടെന്നാണ് മിക്കവരുടെയും തീരുമാനം.
അസഹ്യമായ പൊടിയാണ് പ്രധാന പ്രശ്നം. ശ്വാസംമുട്ടു കൊണ്ടു വലയുന്ന പ്രായമായ അപ്പച്ചന്റെ കാര്യം എന്താകുമെന്ന ആശങ്കയിലാണ് നെടുമ്പറമ്പത്ത് വീട്ടുകാർ. ഫ്ളാറ്റ് പൊളിക്കൽ ആരംഭിച്ചതു മുതൽ കുടുംബനാഥയായ ജെസിക്ക് മേലാസകലം ചൊറിച്ചിലാണ്.
നെടുമ്പറമ്പിൽ ഷിബുവും സഹോദരൻ സോമോനും പ്രൈമറി സ്കൂൾ വിദ്യാർത്ഥികളായ മക്കളെ ബന്ധുവീട്ടിലാക്കിയിരിക്കുകയാണ് . പൊടി മക്കളെ രോഗികളാക്കുമെന്നാണ് ഇവരുടെ ഭയം. പിള്ളേർക്ക് ചുമയും കഫക്കെട്ടും ഒഴിഞ്ഞ സമയമില്ല. അതിനിടെ പൊടി കൂടിയായാൽ എല്ലാം തികഞ്ഞു. ഷിബു രോഷത്തോടെ പറഞ്ഞു.