മൂവാറ്റുപുഴ: നഗരസഭയിലെ പ്രധാന ബൈപാസ് റോഡുകളിലൊന്നായ റോട്ടറി റോഡിന്റെ നവീകരണത്തിന് തുടക്കമായി.റോഡിന്റെ നിർമ്മാണോദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശീധരൻ നിർവഹിച്ചു. വൈസ്‌ചെയർമാൻ പി.കെ.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.എ.സഹീർ, സി.എം.സീതി, ഉമാമത്ത് സലീം, പ്രമീള ഗിരീഷ്‌കുമാർ, കൗൺസിലർമാരായ കെ.എ.അബ്ദുൽസലാം, സി.എം.ഷുക്കൂർ, പി.വൈ.നൂറുദ്ദീൻ, പി.പ്രേംചന്ദ്, ഷൈല അബ്ദുള്ള, ജിനു ആന്റണി, ജയ്‌സൺ തോട്ടത്തിൽ, ഷാലിന ബഷീർ എന്നിവർ സംബന്ധിച്ചു. മൂവാറ്റുപുഴ നഗരസഭയിലെ പ്രധാന ബൈപാസ് റോഡുകളിലൊന്നായ റോട്ടറി റോഡിന്റെ വൺവേ ജംഗ്ഷനിൽ നിന്നും ആരംഭിച്ച് മാർക്കറ്റ് ബസ് സ്റ്റാൻഡ് വരെയുള്ള ഭാഗം ടൈൽ വിരിച്ച് മനോഹരമാക്കുന്നതിന് 50ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ കാലവർഷത്തെ തുടർന്നുണ്ടായ മലവെള്ളപാച്ചിലിൽ റോഡ് തകർന്ന് കാൽനടപോലും ദുസഹമായ അവസ്ഥയിലായിരുന്നു. റോഡ് തകർന്നതിനെ തുടർന്ന് വാഹനങ്ങൾ ബൈപാസ് റോഡിനെ കൈയൊഴിഞ്ഞതോടെ വൺവേ ജംഗ്ഷനിലും, കീച്ചേരിപ്പടി ജംഗ്ഷനിലും ഗതാഗ കുരുക്കും നിത്യസംഭവമായി മാറിയിരുന്നു. വൺവേ ജംഗ്ഷനിൽ നിന്നും ആരംഭിച്ച് എവറസ്റ്റ് ജംഗ്ഷനിൽ അവസാനിക്കുന്ന റോട്ടറി റോഡ് വൺവേ ജംഗ്ഷൻ മുതൽ മാർക്കറ്റ് ബസ് സ്റ്റാൻഡ് വരെ നഗരസഭയുടെ കീഴിലും, മാർക്കറ്റ് ബസ് സ്റ്റാൻഡ് മുതൽ എവറസ്റ്റ് ജംഗ്ഷൻ വരെ പൊതുമരാമത്ത് വകുപ്പിന് കീഴിലുമാണ്. എന്നാൽ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡിന്റെ ഭാഗം ബി.എം, ബി.സി നിലവാരത്തിൽ ടാർചെയ്ത് മനോഹരമാക്കുകയും ചെയ്തിട്ടുണ്ട്. നഗരസഭയുടെ കീഴിലുള്ള ഭാഗം ടൈൽസ് വിരിച്ച് മനോഹരമാക്കുന്നതോടെ നഗരത്തിലെ പ്രധാന ബൈപാസ് റോഡുകളിലൊന്നായ റോട്ടറി റോഡിനും ശാപമോക്ഷമാകുകയാണ്.