പറവൂർ : പ്രളയത്തിൽ വെള്ളം കയറിയ വീടിന്റെ മേൽക്കൂര തകർന്നുവീണു. ചെറിയപല്ലംതുരുത്ത് പൂന്തോടത്ത് പ്രവീണിന്റെ ഓടിട്ട വീടിന്റെ മേൽക്കൂരയാണ് തകർന്നത്. ഇന്നലെ ഉച്ചയ്ക്കു രണ്ടുമണിയോടെ ആയിരുന്നു അപകടം. ശബ്ദം കേട്ട് അമ്മയും ഭാര്യയും കുട്ടികളും വീട്ടിലുണ്ടായിരുന്നെങ്കിലും ഓടി പുറത്തേക്കിറങ്ങിയതിനാൽ രക്ഷപെട്ടു. പ്രളയത്തിൽ വീട്ടിൽ പത്തടിയോളം വെള്ളം കയറിയിരുന്നു. ധനസഹായമായി 60,000 രൂപ മാത്രമാണ് ഇവർക്കു ലഭിച്ചത്. ഭിത്തികൾക്കു വിള്ളൽ സംഭവിച്ചതിനെ തുടർന്ന് അറ്റകുറ്റപ്പണികൾ നടത്തി ബലപ്പെടുത്തിയിരുന്നു. മേൽക്കൂര തകർന്നതോടെ താമസിക്കാൻ ഇടമില്ലാത്ത അവസ്ഥയിലാണ് പ്രവീണും കുടുംബവും.