കൊച്ചി: ഔദ്യോഗിക ജീവിതത്തിലെ നാഴികക്കല്ലായ ദൗത്യം വിജയിച്ചതിന്റെ സന്തോഷത്തിലാണ് പെട്രോളിയം ആൻഡ് സേഫ്ടി ഓർഗനൈസേഷൻ (പെസോ) ഡെപ്യൂട്ടി ചീഫ് കൺട്രോളർ ആർ. വേണുഗോപാൽ.
ജനനിബിഡമായ കൊച്ചി നഗരമദ്ധ്യത്തിലെ പടുകൂറ്റൻ ഫ്ലാറ്രുകൾ പൊളിച്ചടുക്കാൻ സഹായം തേടി ഇദ്ദേഹത്തെ വിളിക്കുമ്പോൾ ദൗത്യം പൂർത്തിയാക്കാൻ ഏറ്റവും യോജ്യനാണെന്ന ബോദ്ധ്യം സംസ്ഥാന സർക്കാരിനുണ്ടായിരുന്നു. തൃശൂർ പൂരത്തെ ചിട്ടയിലാക്കിയ, ശിവകാശിയിലെ വെടിക്കെട്ട് അപകടങ്ങൾ ഇല്ലാതാക്കിയ കെമിക്കൽ എൻജിനീയർ ആർ. വേണുഗോപാൽ ആ വിശ്വാസം കാത്തു.
ഫ്ളാറ്റ് സ്‌ഫോടനത്തിന് ശേഷം അദ്ദേഹം കേരളകൗമുദിയോട് സംസാരിച്ചു:
വെല്ലുവിളി
സർവീസിൽ ആദ്യമാണ് ഇങ്ങനെയൊരു ദൗത്യം. സ്ഫോടകവസ്തുക്കൾ നശിപ്പിച്ചിട്ടുണ്ടെങ്കിലും അതൊക്കെ ആളൊഴിഞ്ഞ പ്രദേശത്തായിരുന്നു. ആളുകൾ തിങ്ങിപ്പാർക്കുന്ന ഇടത്ത് കെട്ടിടങ്ങൾ ഇടിക്കുക ജീവൻമരണ പോരാട്ടമായിരുന്നു. തൊട്ടടുത്ത വീടുകൾക്ക് നാശം ഉണ്ടാകരുത്. ഒരു മനുഷ്യന്റെ സ്വപ്നമാണ് വീട്. അതറിഞ്ഞവനാണ് ഞാൻ.
പൂർണതൃപ്തൻ, എങ്കിലും...
കണക്കിന്റെ കൃത്യതയോടെയാണ് കെട്ടിടങ്ങൾ തകർന്നത്. ഹോളിഫെയ്‌ത്ത് എച്ച്.ടു.ഒയുടെ പുറകിലെ ഒരു വീട്ടിൽ ടൈലുകൾ പൊങ്ങിയതും ജനൽച്ചില്ലുകൾ പൊട്ടിയതും സങ്കടമുണ്ടാക്കി. കാറ്റ് അനുകൂലമായിരുന്നു. ഏറ്റവും പെർഫെക്ട് ആയി വീണത് ആൽഫയുടെ ആദ്യ ടവറാണ്. രണ്ടാം സ്ഥാനം ഹോളിഫെയ്‌ത്തിനും മൂന്നാംസ്ഥാനം ആൽഫ രണ്ടാം ടവറിനുമാണ്.
ചിട്ടയോടെ
രണ്ട് കമ്പനികളോടും ബ്ളാസ്റ്റിംഗ് പ്ളാൻ സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. പലതവണ പ്ളാനുകൾ മാറ്റി. എല്ലാ ദൈനംദിന ജോലികളും മാറ്റിവച്ച. ദിവസവും ഫ്ലാറ്റിൽ വന്ന് ഓരോ കുഴിയുടെയും സ്ഫോടകവസ്തുവിന്റെയും അളവുൾപ്പെടെ എല്ലാം പഠിച്ചു. സ്ഫോടകവസ്തുവിന്റെ അളവ് കുറച്ചതും ഡിറ്റനേറ്റിംഗ് ഫ്യൂസിന്റെ എണ്ണം കൂട്ടിയതുമെല്ലാം അങ്ങനെയാണ്.
ഒത്തൊരുമ
128 വർഷം പഴക്കമുള്ള സ്ഥാപനമാണ് പെട്രോളിയം ആൻഡ് സേഫ്ടി ഓർഗനൈസേഷൻ (പെസോ). ഗ്യാസ് സിലിണ്ടർ മുതൽ പടക്കം, പെട്രോളിയം റിഫൈനറി, ക്രോസ് കൺട്രി പൈപ്പ്ലൈനുകൾ, ആശുപത്രിയിലെ ഓക്സിജൻ സിലിണ്ടർ ഇതൊക്കെ ഡിസൈൻ ചെയ്യുന്നതും അനുമതി നൽകുന്നതുമെല്ലാം പെസോ ആണ്. നിശബ്ദമായാണ് പ്രവർത്തനം. ഈ വിശ്വാസത്തിലാണ് കേന്ദ്രസർക്കാർ സ്ഥാപനമായ ഞങ്ങളെ സംസ്ഥാന സർക്കാർ സമീപിക്കുന്നത്.
ഇനി പഠനത്തിന്
ഫ്ളാറ്റ് സ്ഫോടനത്തിന്റെ ഡാറ്റ മൈനിംഗ് എൻജിനീയർമാർക്ക് കൊടുക്കും. സ്ഫോടക വസ്തുക്കളുടെ ഉപയോഗം അടുത്ത തലമുറയ്ക്കും വിദ്യാർത്ഥികൾക്കും ഉപകരിക്കട്ടെ.