കൊച്ചി: "ഫ്ളാറ്റ് തകർന്നുവീണപ്പോൾ യൗവ്വനകാലത്ത് മരിച്ചുപോയ മക്കളുടെ മുഖമായിരുന്നു എന്റെ മനസ് നിറയെ. ഫ്ളാറ്റിന്റെ സമീപത്തുള്ള 30 വർഷം പഴക്കമുള്ള ഞങ്ങളുടെ കുഞ്ഞുവീട് അപകടത്തിൽപെടുമോയെന്ന് ഭയന്നു. അങ്ങനെ വന്നാൽ ഒരു ഇഷ്‌ടിക എടുത്തുതരാൻ പോലും ഞങ്ങൾക്ക് ആരുമില്ലെന്ന് ഞെട്ടലോടെ ഓർമ്മിച്ചു". മേരി മക്കളെ കുറിച്ച് പറഞ്ഞപ്പോൾ തൊട്ടടുത്തിരുന്ന ഭർത്താവ് എൻ.വി. ജോസഫ് കണ്ണീർ പൊഴിച്ചു.

ഫ്ളാറ്റ് പൊളിക്കലിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ തുടങ്ങിയ കാലം മുതൽ ഈ വൃദ്ധദമ്പതികൾക്ക് ഉറക്കം നഷ്‌ടപ്പട്ടു. കുടികിടപ്പായി കിട്ടിയ അഞ്ചു സെന്റും ഈ വീടുമാണ് ഇവരുടെ ഏക സമ്പാദ്യം. വീടിന് ബലക്ഷയം സംഭവിക്കുമോയെന്ന ഭയത്തിൽ ജീവിതം തള്ളിനീക്കി.

ഇന്നലെ രാവിലെ എട്ടിന് ബന്ധുവീട്ടിലേക്ക് പോയി. ഉച്ചയ്ക്ക് ജോസഫ് വീട്ടിലേക്ക് വരാൻ ശ്രമിച്ചെങ്കിലും പൊലീസ് വഴിയിൽ തടഞ്ഞു. മൂന്നു മണിയോടെ ദമ്പതികൾ വീട്ടിൽ തിരിച്ചെത്തി. വീടിന് യാതൊരു കേടുപാടും സംഭവിച്ചില്ലെന്ന് കണ്ടപ്പോൾ ദൈവത്തിന് നന്ദി പറഞ്ഞു.