flat

കൊച്ചി: പൊടിയിൽ രാസവസ്തുക്കളുള്ളതിനാൽ മരടിൽ പൊളിഞ്ഞുവീണ ഫ്ളാറ്റുകളുടെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് എറണാകുളം ജനറൽ ആശുപത്രിയിലെ പൾമനോളജിസ്റ്റ് ഡോ.അഞ്ജന പറഞ്ഞു.

ശ്വാസംമുട്ടൽ, ശ്വാസകോശ ചുരുക്കം, അലർജി എന്നീ പ്രശ്നങ്ങളുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. പൊടിശല്യം രൂക്ഷമായാൽ ആസ്തമ രോഗികളുടെ കാര്യം കഷ്ടത്തിലാകും. ത്വക് രോഗങ്ങൾ പിടിപെടാനും സാധ്യതയുണ്ട്.

സിലിക്ക ഉൾപ്പെടെയുള്ള വിഷവസ്തുക്കളുടെ സാമീപ്യമുള്ളതിനാൽ നിർമ്മാണതൊഴിലാളികളിൽ ശ്വാസകോശചുരുക്കം സർവസാധാരണമാണ്. അന്തരീക്ഷത്തിൽ അപകടരമായ ഇത്തരം വസ്തുക്കളുണ്ടാകുന്നത് പൊതുജനങ്ങളുടെ ആരോഗ്യത്തിനും ഭീഷണിയാണ്.

പൊടി അടങ്ങുന്നതുവരെ മാസ്ക് ഉപയോഗിക്കുന്നത് ശീലമാക്കണം. വ്യക്തിശുചിത്വം പാലിക്കണം. കൈയ്യും മുഖവും ഇടയ്ക്കിടെ വൃത്തിയാക്കണം. ഡോക്ടർ അഞ്ജന പറഞ്ഞു.