btslps
ഇന്ന് ഉദ്ഘാടനം ചെയ്യുന്ന ഇടപ്പള്ളി​ ദേവൻകുളങ്ങര ഗവ.ബി​.ടി​.എസ്. എൽ.പി​.സ്കൂൾ മന്ദി​രം

ഉദ്ഘാടനംഇന്ന് രാവിലെ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്

കൊച്ചി: മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുൾപ്പടെയുള്ള പ്രമുഖർ ആദ്യാക്ഷരം കുറിച്ച ജില്ലയിലെ ആദ്യ വിദ്യാലയങ്ങളിലൊന്നായ ഇടപ്പള്ളി ദേവൻകുളങ്ങര ഗവ.ബി.ടി.എസ്. എൽ.പി.എസിന്റെ പുതിയ മന്ദിരം ഇന്ന് (തിങ്കൾ) വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.ശേഷം ചങ്ങമ്പുഴ പാർക്കിൽ നടക്കുന്ന സമ്മേളനത്തിൽ സംസാരിക്കും.

ഇടപ്പള്ളി മേഖലയിലെ ആദ്യ സർക്കാർ വിദ്യാലയമായിരുന്നു 1898ൽ സ്ഥാപി​തമായ ഈ സ്കൂൾ. ഇടപ്പള്ളി സർക്കാർ ലോവർ പ്രൈമറി വിദ്യാലയത്തോട് ചേർന്ന് പിന്നീട് അദ്ധ്യാപക പരിശീലന കേന്ദ്രമായ ബേസി​ക് ട്രെയി​നിംഗ് സ്കൂൾ സർക്കാർ ആരംഭി​ച്ചപ്പോഴാണ് ഗവ.ബി.ടി.എസ് എൽ.പി.എസ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടത്. ഇവി​ടെ മൂന്നാം ക്ളാസി​ൽ പഠി​ക്കുമ്പോഴാണ് ചങ്ങമ്പുഴ ആദ്യകവി​ത എഴുതി​യത്.

പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ 150ഓളം കുട്ടികൾ ഇപ്പോൾ സ്കൂളി​ലുണ്ട്. കഴിഞ്ഞ രണ്ടുവർഷം ഉപജില്ലാ കലോത്സവങ്ങളിൽ ഗവൺമെന്റ് എൽ.പി വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയിരുന്നു. കഴിഞ്ഞ വർഷത്തെ എൽ.എസ്.എസ് പരീക്ഷയിൽ നാലു കുട്ടികൾ സ്കോളർഷിപ്പിനും അർഹരായി. കമ്പ്യൂട്ടർ ലാബ് ഉൾപ്പടെ ആധുനി​ക പഠനസംവി​ധാനങ്ങളെല്ലാം സ്കൂളി​ലുണ്ട്.

ഷെൽഫുകൾ , പോർട്ട് ഫോളിയൊ ക്യാബിൻ തുടങ്ങിയവ ഒരോ കുട്ടിക്കും സ്വന്തമായിട്ടുണ്ട്. വാഹനസൗകര്യം, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്,ഡാൻസ് ക്ലാസുകളും കുട്ടി​കൾക്ക് ലഭ്യമാണ്. എം.എൽ.എ ഫണ്ടി​ൽ നി​ന്നനുവദി​ച്ച 55.40 ലക്ഷം രൂപയും കൊച്ചി കോർപ്പറേഷൻ അനുവദിച്ച 50 ലക്ഷം രൂപയും ഉപയോഗിച്ചാണ് ആറ് ക്ളാസ് മുറികളും സ്റ്റാഫ് റൂമുകളും മറ്റുമുള്ള കെട്ടിടം രണ്ട് വർഷം കൊണ്ട് നിർമ്മിച്ചത്. മേയർ സൗമിനി ജെയിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. പി.ടി. തോമസ് എം.എൽ.എ മുഖ്യാതിഥിയാകും. കൗൺസിലർ എലിസബത്ത് സെബാസ്റ്റ്യനും മറ്റു പ്രമുഖ വ്യക്തികളും പങ്കെടുക്കും.