കൊച്ചി: എറണാകുളം സർക്കാർ മെഡിക്കൽ കോളേജിനെ മികവിന്റെ കേന്ദ്രമായി ഉയർത്തണമെന്ന് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്‌മെന്റ് ആവശ്യപ്പെട്ടു. പ്രൊഫ.എം.കെ. സാനുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുഖ്യമന്ത്രിയോട് നേരിട്ട് ആവശ്യപ്പെടാൻ തീരുമാനിച്ചു.
മദ്ധ്യകേരളത്തിലെ സാധാരണക്കാരായ രോഗികളുടെ അഭയമായ ആശുപത്രി സ്ഥാപിച്ചിട്ട് 19 വർഷമായി. സഹകരണ മേഖലയിലായിരുന്ന കോളേജ് 6 വർഷം മുമ്പാണ് സർക്കാർ ഏറ്റെടുത്തതെങ്കിലും അടിസ്ഥാന സൗകര്യങ്ങളിൽ കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല. രോഗികളുടെ എണ്ണത്തിൽ വർദ്ധനവും ഉണ്ടായി. പ്രതിദിനം 300 രോഗികൾ മുമ്പ് എത്തിയിരുന്നത് ഇപ്പോൾ 1,500 മുതൽ 2,000 വരെ രോഗികൾ ഒ.പി. വിഭാഗത്തിൽ എത്തിച്ചേരുന്നു. കിടത്തി ചികിത്സിക്കാൻ കിടക്കകൾ ഒഴിവില്ലാത്ത സ്ഥിതിയാണ്.
യോഗത്തിൽ ഭാരവാഹികളായ ഡോ. എൻ.കെ. സനിൽകുമാർ, ജസ്റ്റിസ്: പി.കെ. ഷംസുദ്ദീൻ, പ്രൊഫ. കെ. അരവിന്ദാക്ഷൻ, പ്രൊഫ. എം.കെ. പ്രസാദ്, സി.ഐ.സി.സി. ജയചന്ദ്രൻ, സി.ജി. രാജഗോപാൽ, ടി.ബി. മിനി, പ്രൊഫ. ഷെർളി പ്രസാദ്, ഡോ. ചാൾസ് ഡയസ്, ഡോ.കെ.ആർ . വിശ്വംഭരൻ, എൻ.വി.മുരളി, ഡോ. സുന്ദരി ജി. മേനോൻ, കെ.യു. ബാവ , ഡോ. ടി.പി. ജമീല, കുമ്പളം രവി, കുരുവിള മാത്യൂസ്, കെ.എം. റിയാസ്, ഐ.എൻ. നന്ദകുമാർ, ഏലൂർ ഗോപിനാഥ്, ഹേമലതാ നമ്പ്യാർ. പി. പ്രദീപ്, കെ.ആർ. വിശ്വനാഥ് എന്നിവർ സംസാരിച്ചു.
സൂപ്പർ സ്‌പെഷാലിറ്റി വിഭാഗങ്ങൾക്ക് പോരായ്‌മ
കാർഡിയോളജി, ന്യൂറോളജി, നെഫ്രോളജി തുടങ്ങിയ വിഭാഗങ്ങൾ ഉണ്ടെങ്കിലും 24 മണിക്കൂറും സേവനം ലഭ്യമല്ല. വാഹനാപകടങ്ങളിൽ പരുക്കേറ്റവരെ ചികിത്സിക്കാൻ ഒരു ന്യൂറോ സർജൻ പോലുമില്ല. തീപ്പൊള്ളൽ ചികിത്സ വിഭാഗമുണ്ടെങ്കിലും പ്ലാസ്റ്റിക്ക് സർജനില്ല. ഗാസ്‌ട്രോ എന്ററോളജി, ഗാസ്‌ട്രോ സർജറി, യൂറോളജി, പീഢിയാട്രിക്‌സ് സർജറി വിഭാഗങ്ങൾ അടിയന്തിരമായി ആരംഭിയ്ക്കണം.
മൂവ്‌മെന്റിന്റെ ആവശ്യങ്ങൾ
നിലവിലുള്ള പല പി.ജി. കോഴ്‌സുകൾക്കും അംഗീകാരമില്ല. സർജറി, ഗൈനക്കോളജി, ഓർത്തോ വിഭാഗങ്ങളിൽ പുതിയ പി.ജി. കോഴ്‌സുകൾ ആരംഭിക്കണം. അംഗീകാരം നഷ്ടപ്പെട്ട മെഡിസിൻ, പതോളജി പി.ജി. കോഴ്‌സുകളുടെ അംഗീകാരം വീണ്ടും നേടണം.അദ്ധ്യാപകരുടെ കുറവ് മൂലമാണ് ചില പി.ജി കോഴ്‌സുകളുടെ അംഗീകാരം നഷ്ടമായത്. രോഗീ പരിചരണത്തെയും ഇത് ബാധിക്കുന്നു. അദ്ധ്യാപകരുടെ തസ്തികൾ നികത്തണം.സൂപ്പർ സ്‌പെഷാലിറ്റി ബിൽഡിംഗ് നിർമ്മാണം ഉടൻ പൂർത്തിയാക്കണം.
കൂടുതൽ ബസ് സർവീസുകൾ വേണം
ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളായ പെരുമ്പാവൂർ, മൂവാറ്റുപുഴ, പിറവം, ഫോർട്ടുകൊച്ചി ഭാഗങ്ങളെയും ബന്ധപ്പെടുത്തി കെ.എസ്.ആർ.ടി.സി. ബസ് സർവീസുകൾ ആരംഭിയ്ക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജസ്റ്റിസ് കൃഷ്ണയ്യർ മൂവ്‌മെന്റ് യോഗത്തിൽ പ്രൊഫ. എം.കെ സാനു സംസാരിക്കുന്നു. സി.ജി. രാജഗോപാൽ, സി.ഐ.സി.സി. ജയചന്ദൻ, ഡോ. എൻ.കെ. സനിൽകുമാർ, ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ എന്നിവർ സമീപം