കൊച്ചി: ആദ്യദിനത്തിലെ വിജയകരമായ പൊളിച്ചടുക്കലിന് ശേഷം രണ്ടാംദിനവും മരടിൽ എല്ലാം കിറുകൃത്യമായിരുന്നു. ഹോളിഫെയ്‌ത്ത് എച്ച്.ടു.ഒയും ആൽഫ സെറീനും പോലെ നിയന്ത്രിത സ്ഫോടനത്തിലൂടെ അകത്തേക്ക് പൊളിച്ചടുക്കുന്ന രീതിയായ ഇംപ്ളോഷനിലൂടെ ജയിൻ കോറൽ കോവും ഗോൾഡൻ കായലോരവും മണ്ണിലടിഞ്ഞു.

ഇന്നലെ നിലംപതിച്ച ഫ്ലാറ്റുകൾ

ജെയിൻ കോറൽകോവ്

നില : 17

കമ്പനി: മുംബയ് എഡിഫൈസ് എൻജിനിയറിംഗ് ദക്ഷിണാഫ്രിക്കയിലെ ജെറ്റ് ഡിമോളിഷനുമായി ചേർന്ന്

വീഴാനെടുത്ത സമയം : 8 സെക്കൻഡ്

പൊളിച്ച ഫ്ലാറ്റുകളിലെ പടുകൂറ്റനായിരുന്നു ജെയിൻ കോറൽ കോവ്. കുറ്റമറ്റ രീതിയിൽ താഴെ വീണത് ജെയിനാണ്. ഫ്ലാറ്റിലെ 2060 ദ്വാരങ്ങളിൽ നിറച്ചത് 372.8 കിലോ എമൽഷൻ എക്സ്‌പ്ലോസീവ്. ഫ്ലാറ്റിന് നൂറുമീറ്റർ അകലെ സ്ഥാപിച്ച ബ്ലാസ്റ്റ് ഷെഡിലുള്ള ബ്ലാസ്റ്റർ പ്രവർത്തിപ്പിച്ചതോടെ ജെയിൻ കോറൽ കോവിന് താഴെ നിലയിലുണ്ടായിരുന്ന ഡിലെ ഇലക്ട്രിക് ഡിറ്റനേറ്ററിലേക്ക് വൈദ്യുതി പ്രവഹിക്കുന്നു. ഡിറ്റനേറ്ററിൽ നിന്ന് സ്‌ഫോടക വസ്തു നോണൽ വഴി സെക്കൻഡിൽ 2000 മീറ്റർ വേഗതയിൽ തീപ്പൊരി ഡിറ്റനേറ്റിംഗ് ഫ്യൂസിലേക്ക്. ഫ്യൂസ് പൊട്ടിത്തെറിച്ച് ഗ്രൗണ്ട്, ഒന്ന് നിലകളിൽ ആദ്യ സ്ഫോടനം. 25 മില്ലി സെക്കൻഡിനു ശേഷം 5, 8 നിലകളിൽ, 200 മില്ലി സെക്കൻഡ് കഴിഞ്ഞ് 11,14 നിലകളിൽ. പിന്നീട് 49 ഡിഗ്രി ചെരിഞ്ഞ് കായലിന് തൊട്ടടുത്ത് മണ്ണിലേക്ക്.

ഗോൾഡൻ കായലോരം

നില : 17

കമ്പനി: മുംബയ് എഡിഫൈസ് എൻജിനിയറിംഗ് ദക്ഷിണാഫ്രിക്കയിലെ ജെറ്റ് ഡിമോളിഷനുമായി ചേർന്ന്

വീഴാനെടുത്ത സമയം: 9 സെക്കൻഡ്

ഫ്ലാറ്റുകളിൽ ഏറ്റവും പഴക്കമേറിയത്. തൊട്ടടുത്ത അങ്കണവാടി സംരക്ഷിക്കുക ശ്രമകരം. ഫ്ലാറ്റിലെ 960 ദ്വാരങ്ങളിൽ നിറച്ചത് 14.8 കിലോ എമൽഷൻ എക്‌സ്‌പ്ലോസീവ്. സമീപത്തെ വീട്ടുവളപ്പിലായിരുന്നു ബ്ലാസ്റ്റിംഗ് പോയിന്റ്. ഗ്രൗണ്ട്, ഒന്ന് നിലകളിൽ ആദ്യ സ്‌ഫോടനം, 17 മില്ലിസെക്കൻഡിനു ശേഷം രണ്ടാം നിലയിലും 25 മില്ലിസെക്കൻഡിനു ശേഷം ഏഴാം നിലയിലും സ്‌ഫോടനം. കെട്ടിടം മൂന്നായി മുറിഞ്ഞതിന് ശേഷം ഓരോന്നും 20 ഡിഗ്രി, 66 ഡിഗ്രി, 45 ഡിഗ്രി എന്നിങ്ങനെ ചരിഞ്ഞ് താഴേക്ക് പതിച്ചു. അങ്കണവാടി സുരക്ഷിതം.