കൊച്ചി: 2019 സെപ്തംബർ 6 - മരടിലെ ചട്ടം ലംഘിച്ച ഫ്ലാറ്റുകൾ പൊളിക്കണമെന്ന് സുപ്രീംകോടതി വിധിച്ച ദിവസം. അന്നു തുടങ്ങിയ മരട് നഗരസഭയുടെ ശനിദശയും നെട്ടോട്ടവും മാറിയത് ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ. ഗോൾഡൻ കായലോരം മണ്ണടിഞ്ഞപ്പോൾ.
ഫ്ലാറ്റുടമകളുടെ സങ്കടം, സമീപവാസികളുടെ ആശങ്ക. ഇതിനിടയിൽ സുപ്രീംകോടതി വിധി നടപ്പാക്കേണ്ട ഭാരിച്ച ഉത്തരവാദിത്തം ! നിർണായകമായിരുന്നു നാലു മാസം.
സമരമുഖത്തേക്ക് നീങ്ങിയ ഫ്ലാറ്റുടമകളെ എങ്ങനെ ശാന്തരാക്കണമെന്ന് അറിയാതെ നട്ടംതിരിഞ്ഞു. നഗരസഭ സെക്രട്ടറി സ്ഥാനം സബ് കളക്ടർ സ്നേഹിൽകുമാർ സിംഗ് ഏറ്റെടുത്തതോടെ കാര്യങ്ങൾ വേഗത്തിലായി.
വൈദ്യുതിയും വെള്ളവും തടസപ്പെടുത്തി താമസക്കാരെ ഒഴിപ്പിച്ചു. നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാൻ തീരുമാനിച്ചപ്പോൾ ഇളകിയത് സമീപവാസികളാണ്. സാധാരണക്കാർ വീടുകളെക്കുറിച്ച് ആശങ്കാകുലരായി. അവരും സമരമുഖത്തേക്ക്.
നഗരസഭയിലും തർക്കങ്ങൾ ഉടലെടുത്തു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും രണ്ടുതട്ടിലായി. പല തീരുമാനങ്ങളും ഉദ്യോഗസ്ഥർ നടപ്പാക്കിയതിന് ശേഷം കൗൺസിലിൽ വച്ച് അംഗീകാരം തേടുന്നതിനെതിരെ കൗൺസിലർമാർ പൊട്ടിത്തെറിച്ചു. ഫ്ലാറ്റ് പൊളിക്കുന്നതിൽ ഉദ്യോഗസ്ഥർക്കുണ്ടായിരുന്ന ആത്മവിശ്വാസം ജനപ്രതിനിധികൾക്ക് ഇല്ലാതെ പോയി.
ഉത്തരവാദികളും നഗരസഭ
അനധികൃത നിർമ്മാണത്തിന് അനുമതി കൊടുത്ത ജനപ്രതിനിധികളും ഒത്താശ ചെയ്ത ഉദ്യോഗസ്ഥരുമാണ് യഥാർത്ഥ പ്രതികളെന്ന് മരട് നഗരസഭയിലുള്ളവർ തന്നെ സമ്മതിക്കുന്നു. മറ്ര് നഗരസഭകൾക്കും ഭരണകൂടത്തിനും ഇത് പാഠമായി.
നാലുമാസം നീണ്ട തങ്ങളുടെ വിവാദദിനങ്ങൾ അവസാനിച്ച സന്തോഷത്തിലാണ് മരട് നഗരസഭാ ജീവനക്കാരും ജനപ്രതിനിധികളും.
എല്ലാം ഭംഗിയായി, സന്തോഷം
'നഗരസഭയിലെ ഓരോരുത്തരും കുറ്റപ്പെടുത്തൽ കേട്ടു. പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ ഭംഗിയായി അവസാനിച്ചതിൽ സന്തോഷമുണ്ട്. നിരപരാധികളായ ഫ്ലാറ്റുടമകളഉടെ നഷ്ടം അഴിമതി നടത്തിയവരും കൂട്ടുനിന്നവരും ചേർന്ന് നൽകണം. അനധികൃതമായ ആവശ്യങ്ങളുമായി ജനപ്രതിനിധികൾ വന്നാൽ തിരുത്താനുള്ള ഉത്തരവാദിത്തം നഗരസഭയിലെ ഉദ്യോഗസ്ഥർക്കുണ്ടെന്ന് അവർ തിരിച്ചറിയണം.'
ടി.എച്ച് നദീറ
മരട് നഗരസഭ ചെയർപേഴസൺ