ചെന്നൈ ഐ.ഐ.ടി റിപ്പോർട്ട് 15നകം
കൊച്ചി: മരടിലെ ഫ്ലാറ്റുകൾ വീണപ്പോൾ ഭൂമിയിലുണ്ടായ പ്രകമ്പനം വേഗത കൂടിയതെന്ന് ചെന്നൈ ഐ.ഐ.ടി സംഘത്തിന്റെ പ്രാഥമിക നിഗമനം. പ്രകമ്പനം ഹൈഫ്രീക്വൻസിയിൽ ആയിരുന്നതിനാലാണ് കെട്ടിടങ്ങൾക്ക് നാശനഷ്ടം ഉണ്ടാകാതിരുന്നതെന്ന് ഐ.ഐ.ടി സംഘത്തലവൻ പ്രൊഫ.എ. ഭൂമിനാഥൻ കേരളകൗമുദിയോട് പറഞ്ഞു.
ഫ്ലാറ്റുകൾ വീഴുന്നതിന്റെ ആഘാതം പഠിക്കാനെത്തിയ ഐ.ഐ.ടിയുടെ റിപ്പോർട്ട് ജനുവരി 15 ന് മരട് നഗരസഭയ്ക്ക് കൈമാറും.
നിരോധിത മേഖലയായിരുന്ന 200 മീറ്റർ ചുറ്റളവിന് പുറത്തേക്കും പ്രകമ്പനമുണ്ടായിരുന്നു. ശനിയാഴ്ച ആദ്യം പൊളിച്ച ഹോളിഫെയ്ത്ത് എച്ച്.ടു.ഒ ഫ്ലാറ്റിന്റെ 400 മീറ്റർ അകലെ വരെ പ്രകമ്പനം അനുഭവപ്പെട്ടതായാണ് ഐ.ഐ.ടിയുടെ ഉപകരണങ്ങളിൽ പതിഞ്ഞത്.
ആൽഫ സെറീൻ ഫ്ലാറ്റ് പൊളിച്ചപ്പോൾ വന്നുവീണ കെട്ടിടാവശിഷ്ടങ്ങളാൽ ഐ.ഐ.ടി സംഘത്തിന്റെ കേബിൾ മൂന്നായി മുറിഞ്ഞു. മരട് പഠനത്തിന് ഇംഗ്ളണ്ടിൽ നിന്ന് ഒരു ലക്ഷത്തോളം രൂപ മുടക്കി ഇറക്കുമതി ചെയ്ത 200 മീറ്റർ കേബിളാണ് നശിച്ചത്. എങ്കിലും പ്രകമ്പനം അളക്കാനായിട്ടുണ്ട്. നാല് ഫ്ലാറ്റുകൾ വീണപ്പോഴും ഇവയ്ക്കടുത്തുള്ള ജലാശയങ്ങളിലും പ്രകമ്പനം രേഖപ്പെടുത്തിയിട്ടുണ്ട്.
പൊളിച്ചതിൽ ഏറ്റവും വലിയ ഫ്ലാറ്റായിരുന്ന ജെയിൻ കോറൽ കോവ് ഇന്നലെ വീണപ്പോൾ 120 മീറ്റർ അകലെ കൺട്രോൾ റൂമായി പ്രവർത്തിച്ചിരുന്ന ഡി.ഡിയുടെ 14 നില കെട്ടിടത്തിൽ പ്രകമ്പനമുണ്ടായി. ഫ്ലാറ്റിന് 20 മീറ്റർ മാത്രം അകലത്തിലുണ്ടായിരുന്ന കെട്ടിടത്തിന് ഒരു വിള്ളൽ പോലും കണ്ടില്ല. ജെയിൻ പൊളിച്ചപ്പോഴുണ്ടായ പ്രകമ്പനം 12 സെക്കൻഡോളം നീണ്ടുനിന്നു. ഗോൾഡൻ കായലോരത്തിലെ 8 സെക്കൻഡും. ചെന്നൈ ഐ.ഐ.ടിയിൽ നിന്ന് പ്രൊഫ.എ. ഭൂമിനാഥന്റെ നേതൃത്വത്തിലുള്ള ആറംഗസംഘമാണ് പഠനത്തിന് എത്തിയത്. സംഘം ഇന്ന് തിരികെ പോകും.