maradu flat

കൊച്ചി: ഒടുവിൽ ഗോൾഡൻ കായലോരവും കടപുഴകി. എല്ലാം കിറു കൃത്യം. തൊട്ടുചേർന്നുള്ള അങ്കണവാടിക്ക് പോറലു പോലും ഏൽക്കാതെ കായലോരം ഞെരിഞ്ഞമർന്ന് വീണപ്പോൾ ചരിത്രം കുറിച്ച പൊളിക്കൽ പൂർണമായി. ഇന്ത്യയിലാദ്യമായി അഞ്ച് ഫ്ളാറ്റ് സമുച്ചയങ്ങൾ സ്‌ഫോടനത്തിലൂടെ തകർത്തതിന്റെ ക്രെഡിറ്റ് ഇനി കേരളത്തിന്. ഒപ്പം നിയമലംഘകർക്കുള്ള ശക്തമായ താക്കീതും.

ഹോളിഫെയ്‌ത്തും, ആൽഫ ഇരട്ട ടവറുകളും ശനിയാഴ്ച തകർത്തതോടെ ഇന്നലെ രാവിലെ എല്ലാ കണ്ണുകളും ജയിൻ കോറൽ കോവിലേക്കായി. 17 നിലകളിലായി 128 അപ്പാർട്ടുമെന്റുമായി രാജാവിനെ പോലെ തലയുയർത്തി നിന്ന ജയിന്റെ പതനമായിരുന്നു ആദ്യം.

ഉച്ചയ്‌ക്ക് ശേഷം കായലോരവും നിലം പൊത്തിയതോടെ ഉദ്വേഗം വഴിമാറി. ഇനി അവിശിഷ്‌ടങ്ങളുടെ സംസ്‌കരണമാണ് വലിയ ദൗത്യം.

നോ ടെൻഷൻ

ശനിയാഴ്ച ഹോളിഫെയ്‌ത്തും ആൽഫയുടെ രണ്ടു ടവറുകളും കൃത്യമായി വീണതോടെ ദൗത്യസംഘങ്ങളിൽ ഇന്നലെ പിരിമുറുക്കം കാണാനായില്ല. ഭയം വഴിമാറി. വിജയിക്കുമെന്ന വിശ്വാസം മുറുകി. പൊലീസും നിയന്ത്രണങ്ങളിൽ അയവ് വരുത്തി. ജയിൻ കോറൽകോവ് സ്‌ഫോടന സമയത്ത് ഇടപ്പള്ളി - ചേർത്തല ദേശീയപാതയിൽ ട്രാഫിക് നിയന്ത്രണം ഇല്ലായിരുന്നു. ഫ്ളാറ്റിനടുത്തുള്ള ചെറിയ റോഡുകൾ മാത്രമാണ് ബ്ളാേക്ക് ചെയ്‌തത്.

കഴിഞ്ഞ ദിവസത്തെ പോലെ കാഴ്ചക്കാരുടെ തിരക്കുമില്ലായിരുന്നു. കൂറ്റൻ ഫ്ളാറ്റായിട്ടും കാര്യങ്ങൾ കിറുകൃത്യമായി. അവിശിഷ്‌ടങ്ങളൊന്നും കായലിൽ വീഴാതെ കോമ്പൗണ്ടിൽ കൂമ്പാരമായി.

 കിറു കൃത്യം

എന്റെമ്മോ സമ്മതിച്ചു. ഗോൾഡൻ കായലോരം നിലംപതിക്കുന്നത് ദേശീയപാതയിൽ നിന്ന് കണ്ടവരുടെ സംസാരം ഇത് മാത്രം. പണിതീരാറായ കൂറ്റൻ ഫ്ളാറ്റിന് മുന്നിലായിരുന്നു ഗോൾഡൻ കായലോരം. സമീപം ഒരു കുഞ്ഞ് അങ്കണവാടി കെട്ടിടവും. പൊളിച്ചതിൽ ഏറ്റവും ചെറിയ ഫ്ളാറ്റാണെങ്കിലും സ്‌ഫോടനത്തിന് ഏറെ സങ്കീർണതകൾ അതിജീവിക്കേണ്ടി വന്നു. ഉച്ചയ്‌ക്ക് ഒന്നരയ്‌ക്ക് ആദ്യ സൈറൺ മുഴങ്ങുമെന്നാണ് നിശ്ചയിച്ചിരുന്നത്. അവസാന നിമിഷ പരിശോധനകൾ നീണ്ടതോടെ ആദ്യ സൈറൺ മുഴങ്ങിയത് 1.56 നാണ്. ഫ്ളാറ്റ് നിലം പതിക്കുമ്പോൾ സമയം 2.29.

കൂറ്റൻ ഫ്ളാറ്റിനും അങ്കണവാടിക്കും ഒരു പോറൽ പോലുമേറ്റില്ല. എല്ലാം സുരക്ഷിതം. പൊളിക്കൽ കമ്പനികളും കൈയടി നേടി.

ജയിൻ കോറൽകോവ്

 10.30

ആദ്യ സൈറൺ മുഴങ്ങി. ചെറിയ റോഡുകൾ ബ്ളാേക്ക് ചെയ്‌തു.

 10.55

രണ്ടാമത്തെ സൈറൺ മുഴങ്ങി.ക്രമീകരണങ്ങൾ എല്ലാം ഭദ്രം

11.00

മൂന്നാം സൈറൺ മുഴങ്ങിയതിന് പിന്നാലെ വമ്പനിൽ വമ്പനും മണ്ണിൽ പതിച്ചു

 ഗോൾഡൻ കായലോരം

 1.57

27മിനിട്ട് വൈകി ആദ്യ സൈറൺ. ദേശീയപാതയിൽ തൈക്കൂടം പാലത്തിൽ ജനകൂട്ടം. ദേശീയപാതയിൽ ഗതാഗതം തടഞ്ഞു.

 2.21

രണ്ടാമത്തെ സൈറൺ . ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് പാടുപെടുന്നു.

 2.29

മൂന്നാമത്തെ സൈറൺ. പിന്നാലെ ഫ്ലാറ്റ് നിലം പൊത്തുന്നു.