ഫ്ളാറ്റുടമകൾ സൊസൈറ്റി രൂപീകരിക്കും
കൊച്ചി: പൊളിച്ച ഹോളിഫെയ്‌ത്ത് എച്ച്.ടു.ഒയുടെ സ്ഥലത്ത് പുതിയ ഫ്ളാറ്റ് സമുച്ചയം പണിയാൻ മുൻ ഉടമകൾ രംഗത്ത്. ഇതിനായി ഫ്ലാറ്റിരുന്ന ഒന്നരയേക്കർ ഏറ്റെടുക്കുന്നതിന് സർക്കാരിനെ സമീപിക്കും. മരടിൽ ആദ്യം തകർത്ത ഫ്ളാറ്റാണ് കുണ്ടന്നൂർ ജംഗ്ഷന് സമീപം തേവര പാലത്തോട് ചേർന്നുള്ള ഹോളിഫെയ്‌ത്ത് എച്ച്.ടു.ഒ ഫ്ളാറ്റ് വാങ്ങുന്നവർക്ക് ആനുപാതികമായ സ്ഥലത്തിന്റെ അവകാശം നൽകിയാണ് വില്പനക്കരാർ. സ്ഥലം ഇപ്പോഴും താമസക്കാരുടെ കൂട്ടുടമസ്ഥതയിലാണ്. സർക്കാർ ഇതുവരെ സ്ഥലം ഏറ്റെടുത്തിട്ടുമില്ല.
എച്ച്.ടു.ഒ ലാൻഡ് ഓണേഴ്സ് സൊസൈറ്റി രൂപീകരിക്കാനും ഉടമകൾ ശ്രമം തുടങ്ങി. എച്ച്.ടു.ഒ റസിഡന്റ്സ് അസോസിയേഷൻ എന്ന പേരിലാകും സൊസൈറ്റി. സ്ഥലം ഏറ്രെടുത്ത് ഫ്ളാറ്റ് നിർമ്മിക്കുന്നതുൾപ്പെടെ പരിഗണനയിലുണ്ടെന്ന് അസോസിയേഷൻ പ്രസിഡന്റ് ഷംസുദ്ദീൻ കരുനാഗപ്പള്ളി പറഞ്ഞു. ഫ്ളാറ്റ് പൊളിച്ചെങ്കിലും സ്ഥലം തങ്ങളുടെ ഉടമസ്ഥാവകാശത്തിലാണ്. കെട്ടിടം പൊളിച്ചതിനാണ് നഷ്ടപരിഹാരം ലഭിച്ചത്. സ്ഥലം സർക്കാർ ഏറ്റെടുക്കുമെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
90 ഫ്ളാറ്റുകളിൽ 60ലും ഉടമകളായിരുന്നു താമസം. എല്ലാവരുടെയും യോഗം വിളിച്ചശേഷം ഭാവി പരിപാടിക്ക് അന്തിമരൂപം നൽകും. സ്ഥലം വിട്ടുകിട്ടാൻ നഗരസഭയോട് ആവശ്യപ്പെട്ടതായി ഭാരവാഹിയായ ബിനോജ് പറഞ്ഞു. മാലിന്യം നീക്കി ചുറ്റുമതിലിന്റെ കേടുപാടുകൾ പരിഹരിച്ച് സ്ഥലം കൈമാറുമെന്ന് അധികൃതരും അറിയിച്ചു.
മുൻ ഉടമകളെല്ലാം സഹകരിച്ചാൽ പുതിയ ഫ്ളാറ്റ് സ്വന്തം നിലയിൽ പണിയുകയാണ് ലക്ഷ്യം. നിയമപരമായ സാദ്ധ്യതകളും പരിശോധിക്കും.