കോലഞ്ചേരി: കടലിലും ചൂട്, മത്സ്യ ലഭ്യത കുറയുന്നു. നാട്ടിൽ മീൻ കുറഞ്ഞതോടെ അന്യസംസ്ഥാനങ്ങളിൽ നിന്നുമാണ് മീനെത്തുന്നത്. ഇത്തരം മീൻ വാങ്ങുന്നവർ സൂക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. കേടു കൂടാതെ മീനെത്തിക്കാൻ ഉപയോഗിക്കുന്ന രാസ വസ്തുക്കളായ ഫോർമാലിനും അമോണിയയുമാണ് ഇവിടെ വില്ലൻമാരാകുന്നത്.

ഫോർമാലിനും അമോണിയയും

അമോണിയ ഐസിലാണു ചേർക്കുന്നത്. ഐസ് ഉരുകുന്നതിനെ വൈകിപ്പിക്കുകയാണ് അമോണിയ ചെയ്യുന്നത്.

ഫോർമാൽഡി ഹൈഡിന്റെ ദ്റാവകരൂപമാണ് ഫോർമാലിൻ. മനുഷ്യശരീരം സംസ്‌കരിച്ചു സൂക്ഷിക്കുന്നതിനു മോർച്ചറികളിൽ ഉപയോഗിക്കുന്ന ഫോർമാലിനിൽ ഉയർന്ന തോതിൽ വിഷാംശമുണ്ട്. ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന മത്സ്യം അഴുകാതിരിക്കുവാനും ഇതേ രാസവസ്തു തന്നെയാണ് ഉപയോഗിക്കുന്നത്.

ആരോഗ്യ പ്രശ്നങ്ങൾക്ക് വഴി വെക്കുന്നു

കാൻസറിനും അൾസറിനും ഇതു കാരണമാകാം. ദഹനേന്ദ്രിയ വ്യവസ്ഥ, കരൾ,വൃക്ക, ശ്വാസകോശം, ഹൃദയം, കേന്ദ്ര നാഡീവ്യൂഹം എന്നിവിടങ്ങളിൽ ഫോർമാലിൻ തകരാറുണ്ടാക്കുന്നു. ഇതു വളരെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും. ഭക്ഷണത്തിലൂടെ ഉള്ളിലെത്തിയാൽ ശരീരത്തിലെ ഡി.എൻ.എ ഘടകങ്ങളുമായി പ്രതി പ്രവർത്തിച്ചാണ് കാൻസറിനു കാരണമാകുന്നത് .

നല്ല മീൻ തിരഞ്ഞെടുക്കാൻ

ഫ്രഷായ മീനിന് വൃത്താകൃതിയുള്ളതും തിളങ്ങുന്നതും തെളിച്ചമുള്ളതുമായ കണ്ണുകളായിരിക്കും. തിളക്കമില്ലാതെ, കുഴിഞ്ഞിരിക്കുന്നതും ഇളം നീലനിറമുള്ളതുമായ കണ്ണുകൾ കണ്ടാൽ ഉറപ്പിക്കുക. മീൻ പഴകിത്തുടങ്ങിയിരിക്കുന്നു.

ചെകിളപ്പൂവു നോക്കണം,നല്ല രക്തവർണമാണെങ്കിൽ മീൻ പഴകിയിട്ടില്ല എന്നതിന്റെ സൂചനയാണ്.പാചകം ചെയ്യുന്നതിനു മുമ്പായി മീനിന്റെ ആന്തരികാവയവങ്ങൾ നീക്കം ചെയ്യുമ്പോൾ നട്ടെല്ലിന്റെ ഭാഗത്തു നിന്നു വരുന്ന രക്തം നല്ല നിറത്തോടെയുള്ളതാണെങ്കിൽ മീൻ ഫ്രഷാണ്.

മാംസത്തിൽ വിരൽ കൊണ്ടമർത്തിയാൽ ദൃഢത ഉണ്ടെങ്കിൽ നല്ല മീനാണ്. മീൻ ചീത്തയാണെങ്കിൽ വിരലമർത്തുമ്പോൾ മാസം താണു പോകും.മീനിന് വല്ലാത്തൊരു നാ​റ്റം ഉണ്ടെങ്കിൽ ഫ്രഷ് അല്ല എന്നു കരുതണം. ചീഞ്ഞു തുടങ്ങിയ മീനിന് കനത്തതും അമോണിയയുടേതിനു സമാനവുമായ ഗന്ധമുണ്ടാകും. മാംസം കൂടുതൽ മൃദുവാകുകയും മാംസപാളികൾ അടർന്നുമാറുകയും ചെയ്യുന്നതാണെങ്കിലും സൂക്ഷിക്കണം.