കൊച്ചി: സൂപ്പർ താരങ്ങൾ അഭിനയിച്ച തട്ടുപൊളിപ്പൻ സിനിമയുടെ ക്ളൈമാക്സ് പോലെയാണ് ശരാശരി മനുഷ്യർ ഫ്ളാറ്റ് പൊളിക്കലിനെ ഉൾക്കൊണ്ടതെന്ന് പ്രശസ്ത മന:ശാസ്ത്രജ്ഞൻ ഡോ.സി.ജെ. ജോൺ പറഞ്ഞു.
മരടിലെ ഫ്ളാറ്റുകൾ പൊളിച്ചതു കൊണ്ട് ജനങ്ങൾക്ക് പരിസ്ഥിതി സംരക്ഷണ അവബോധമുണ്ടായെന്ന് കരുതുന്നില്ല. പനിയ്ക്കുള്ള കാരണം അറിയാതെ ചികിത്സിക്കുന്നത് പോലെയാണിത്. പ്രകൃതി രക്ഷയ്ക്കായി എപ്പോഴും ഓടിയെത്താൻ നീതിപീഠത്തിന് കഴിയണമെന്നില്ല. കെട്ടിടത്തിന് പൈലിടുന്ന തൊഴിലാളി മുതലുള്ളവർ തങ്ങളുടെ പ്രവൃത്തി പ്രകൃതിക്ക് ദോഷകരമാകുമോയെന്ന് ആലോചിക്കുന്ന അവസ്ഥയുണ്ടാവണം. നിയമത്തെ എങ്ങനെ മറികടക്കാമെന്നാണ് ഓരോരുത്തരും ചിന്തിക്കുന്നത്.
ഫ്ളാറ്റുകൾ തുറന്നിടുന്ന ഭരണ, രാഷ്‌ട്രീയ, ഉദ്യോഗസ്ഥ, അഴിമതിയുടെ ബഹുനില സംവിധാനമാണ് യഥാർത്ഥത്തിൽ തകർക്കപ്പെടേണ്ടത്. ആ ലക്ഷ്യം നേടാൻ കഴിഞ്ഞോയെന്ന കാര്യത്തിൽ സംശയമുണ്ട്.
ഫ്ളാറ്റ് പൊളിക്കാനിടയാക്കിയ കാരണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം ഫ്ളാറ്റിലെ അന്തേവാസികളുടെ ആശങ്കകളെ കുറിച്ച് ആദ്യം ചർച്ച ചെയ്തു. പിന്നീട് പരിസരവാസികളുടെ സങ്കടങ്ങളിൽ മുഴുകി. കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്ന പൊതുബോധമാണ് ഉയർന്നുവരേണ്ടതെന്ന കാര്യം ബഹളത്തിനിടെ സൗകര്യപൂർവം മറന്നു.
രണ്ടു പ്രളയങ്ങൾക്കും ഉരുൾപൊട്ടലിനും സാക്ഷ്യം വഹിച്ചിട്ടും പുതിയ പരിസ്ഥിതി സംസ്കാരത്തിലേക്ക് ചുവടുവയ്ക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല. പ്രകൃതിയെ ബലാൽസംഗം ചെയ്ത നാലു കെട്ടിടങ്ങൾക്കു ലഭിച്ച വധശിക്ഷ പ്രകൃതിയെ കുറെ കൂടി കരുതലോടെ കൈകാര്യം ചെയ്യണമെന്ന ചിന്താഗതി വളർത്തിയെടുക്കാൻ പ്രേരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാമെന്ന് അദ്ദേഹം പറഞ്ഞു.