കൊച്ചി : ജലാശയങ്ങളാൽ സമൃദ്ധമായ എറണാകുളം ജില്ലയിൽ തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയ 4,239 കെട്ടിടങ്ങൾ പൊളിക്കൽ പേടിയിലാണ്.
തദ്ദേശ സ്ഥാപനങ്ങൾ റീജിയണൽ ടൗൺ പ്ലാനിംഗ് ഓഫീസർക്ക് സമർപ്പിച്ച മൂന്നാം ഘട്ട റിപ്പോർട്ടിലാണ് ഈ കണക്ക്.
ഇത്തരം കെട്ടിടങ്ങളിൽ കൂടുതലും ചെല്ലാനം പഞ്ചായത്തിലാണ് - 1653. ഇവയിലേറെയും പാവപ്പെട്ടവരുടെ വീടുകളാണ്. 21 എണ്ണത്തിന്റെ വ്യക്തമായ വിവരങ്ങളേ പഞ്ചായത്ത് സമർപ്പിച്ചിട്ടുള്ളു.
ഏലൂർ, കളമശേരി, തൃക്കാക്കര മുനിസിപ്പാലിറ്റികളിലും കരുമാല്ലൂർ, ആമ്പല്ലൂർ, കുന്നുകര, ആലങ്ങാട്, കടുങ്ങല്ലൂർ, പുത്തൻവേലിക്കര പഞ്ചായത്തുകളിലും അനധികൃത നിർമ്മാണങ്ങൾ ഇല്ല. വടക്കൻ പറവൂർ മുനിസിപ്പാലിറ്റിയിൽ ഒരെണ്ണം മാത്രം.
കൊച്ചി നഗര പരിധിയിലും സമീപ മുനിസിപ്പാലിറ്റികളിലുമാണ് ഏറ്റവുമധികം നിയമലംഘനങ്ങൾ. വിശദീകരണം നൽകാൻ ഉടമകൾക്ക് ഡിസംബർ 31 വരെ സമയം അനുവദിച്ചിരുന്നു. സീനിയർ ടൗൺ പ്ലാനർ ഇവ വിശദമായി പരിശോധിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
അനധികൃതമാണെന്ന് വ്യക്തമായാൽ മരടിലെപോലെ പൊളിക്കാൻ പോലും സാദ്ധ്യതയുണ്ടെന്നതാണ് ഉടമകളെ ആശങ്കപ്പെടുത്തുന്നത്.