കൊച്ചി: നിയമലംഘനങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്ന സന്ദേശം നൽകാൻ മരട് ഫ്ളാറ്റ് പൊളിക്കലിന് കഴിഞ്ഞു. തീരദേശസംരക്ഷണ നിയമലംഘനത്തിന്റെ പേരിൽ മാത്രമല്ല സുപ്രീംകോടതി ഫ്ളാറ്റുകൾ പൊളിക്കാൻ ഉത്തരവിട്ടത്. ഭൂവിനിയോഗ ലംഘനം, കെട്ടിട നിർമ്മാണ ചട്ട ലംഘനം, തണ്ണീർത്തട സംരക്ഷണ നിയമലംഘനം, റവന്യുഭൂമി കൈയേറ്റം എന്നിങ്ങനെ നിയമവിരുദ്ധമായ ഒട്ടനവധി പ്രവർത്തനങ്ങളുടെ പേരിലാണ് ഫ്ളാറ്റുകൾ പ്രതിക്കൂട്ടിലായത്.

പരിസ്ഥിതി നിയമങ്ങളുടെ സഹായത്താലാണ് സാധാരണക്കാർക്ക് നാട്ടിൽ സമാധാനത്തോടെ ജീവിക്കാൻ കഴിയുന്നത്. നിയമങ്ങൾ അട്ടിമറിക്കപ്പെട്ടാൽ പാവപ്പെട്ടവരുടെ ജീവിതം വഴിമുട്ടും. സംഭവത്തോടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ടുനിൽക്കുന്ന രാഷ്‌ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും അല്പം ഭയമുണ്ട്. ഫ്ളാറ്റ് പൊളിച്ചതുകൊണ്ടു മാത്രമായില്ല. ഉത്തരവാദികളായ ഉദ്യോഗസ്ഥരെ ശിക്ഷിക്കാനും നടപടിയുണ്ടാവണം. ഇത് ജനാധിപത്യത്തിലും ഭരണകൂടത്തിലും ജനങ്ങൾക്കുള്ള വിശ്വാസം വർദ്ധിപ്പിക്കും. അഴിമതിവിരുദ്ധ പ്രവർത്തനങ്ങൾക്ക് സർക്കാർ മുന്നിട്ടിറങ്ങണം. നിക്ഷേപകരെ സഹായിക്കാനെന്ന പേരിൽ ഏകജാലക സംവിധാനം നടപ്പാക്കരുത്. പരിസ്ഥിതി നിയമത്തെ ലാഘവത്തോടെ കൈകാര്യം ചെയ്യാൻ പാടില്ല. തുല്യനീതി ഉറപ്പാക്കണമെങ്കിൽ നിയമവാഴ്ച നടപ്പാകണം.

ഡോ.സി.എം. ജോയ്

പരിസ്ഥിതി പ്രവർത്തകൻ, അദ്ധ്യാപകൻ