കൊച്ചി : നിയമവാഴ്ചയുടെ കരുത്ത് വാനോളം ഉയർന്നപ്പോൾ നിലം പൊത്തിയത് ഉദ്യോഗസ്ഥരും റിയൽ എസ്റ്റേറ്റ് മാഫിയയും പടുത്തുയർത്തിയ നിയമലംഘനം. ഇനി അഴിമതിയുടെയും അവിശുദ്ധ കൂട്ടുകെട്ടിന്റെയും കേസുകളുടെ കാലം.
തീരപരിപാലന നിയമപ്രകാരം സോൺ മൂന്നിലുള്ള പ്രദേശങ്ങളിൽ വേലിയേറ്റ രേഖയിൽ നിന്ന് 200 മീറ്റർ അകലെ മാത്രമാണ് നിർമ്മാണം അനുവദിക്കുക. ആൽഫ സെറീൻ, ഹോളിഫെയ്‌ത്ത്, ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ ഫ്ളാറ്റുകളൊന്നും ഈ നിയമം പാലിച്ചില്ല.

 ആരാണ് കുറ്റക്കാർ ?

തീര നിയന്ത്രണ മേഖലയിൽ നിർമ്മാണത്തിന് കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റിയുടെ അനുമതി വേണമെന്ന ചട്ടവും ലംഘിച്ചു. നിർമ്മാണ അപേക്ഷ അതോറിറ്റിക്ക് കൈമാറി ക്ളിയറൻസ് വാങ്ങേണ്ടത് തദ്ദേശ സ്ഥാപനമാണ്. മരടിൽ ഇതുണ്ടായില്ല. മരട് നഗരസഭ പഞ്ചായത്ത് ആയിരുന്നപ്പോൾ അനുമതി നൽകിയ അന്നത്തെ സെക്രട്ടറി മുഹമ്മദ് അഷറഫ്, ജൂനിയർ സൂപ്രണ്ട് പി.ഇ. ജോസഫ്, യു.ഡി ക്ളാർക്കായിരുന്ന ജയറാം നായിക്ക്, ആൽഫ വെഞ്ച്വേഴ്സ് കമ്പനിയുടെ എം.ഡി പോൾരാജ്, ആർക്കിടെക്ട് കെ.സി ജോർജ്, ഹോളി ഫെയ്‌ത്തിന്റെ ഉടമ സാനി ഫ്രാൻസിസ് തുടങ്ങിയവർ ഇതിൽ കുറ്റക്കാരാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.

കുറ്റങ്ങൾ ഇങ്ങനെ

നിയമം ലംഘിച്ചു മരടിൽ ഫ്ളാറ്റുകൾ നിർമ്മിച്ചു വിറ്റ് തട്ടിപ്പു നടത്തി

ഫ്ളാറ്റുടമകളുടെ പരാതിയിൽ ബിൽഡർമാരുൾപ്പെടെയാണ് പ്രതികൾ.

മരട് പഞ്ചായത്തായിരുന്നപ്പോൾ അധികൃതർക്ക് വീഴ്ചയുണ്ടായി

അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളും ഉൾപ്പെടുത്തി

 കേസ് ഇപ്പോൾ

മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രതികൾ ജാമ്യത്തിലിറങ്ങി.