പൊലീസ് നിയന്ത്രണങ്ങളും പാളി
കൊച്ചി:അവസാനം പൊളിച്ച ഗോൾഡൻ കായലോരം കൂപ്പുകുത്തുന്നത് അടുത്തുനിന്ന് കണ്ടത് ആയിരങ്ങൾ. പൊളിച്ച ഫ്ളാറ്റുകളിൽ ദേശീയപാതയുടെ ഏറ്റവും അടുത്തു നിന്നത് കായലോരമായിരുന്നു. മരങ്ങളുടെയോ ഫ്ളാറ്റുകളുടെയോ മറവില്ലാത്ത കാഴ്ച.
തൈക്കൂടം പാലത്തിൽ പന്ത്രണ്ടരയോടെ ആളുകൾ എത്തിത്തുടങ്ങി. പാലം റെഡ് സോണിലായിരുന്നതിനാൽ ആരെയും കയറ്റില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഒരു മണിയോടെ പാലത്തിന് സമീപം വൻജനക്കൂട്ടമായി. ആളുകൾ വരില്ലെന്ന പ്രതീക്ഷയിൽ പൊലീസും കുറവായിരുന്നു. പാലത്തിൽ നിലയുറപ്പിച്ചവരെ പൊലീസ് മടക്കി അയയ്‌ക്കാൻ തുടങ്ങി. ചിലർ പ്രതിഷേധിച്ചു. ആദ്യ സൈറൺ വൈകിയതോടെ പൊലീസിന്റെ നിയന്ത്രണങ്ങൾ പാളി. ജനങ്ങൾ പാലത്തിലേക്ക് ഒഴുകിയെത്തി. ഇതോടെ പാലത്തിൽ കുമ്പളത്തേക്കുള്ള ഒറ്റവരിയിൽ ആളുകളെ നിൽക്കാൻ അനുവദിച്ചു. പൊലീസും ചിലരും തമ്മിൽ തർക്കമുണ്ടായി. ഒരു യുവാവിനെ കസ്‌റ്റഡിയിലെടുത്തു.ഫ്ളാറ്റ് വീണ ശേഷമാണ് ഇയാളെ ജീപ്പിൽ നിന്ന് വിട്ടത്. വൻ പൊടിപടലങ്ങൾ പാലത്തിലേക്ക് അടിച്ചതോടെ കാഴ്ചക്കാർ തിരിഞ്ഞോടി. പൊളിക്കൽ അര മണിക്കൂർ വൈകിയതും പൊലീസിന്റെ കണക്കുകൂട്ടൽ പാളാൻ ഇടയാക്കി.