flat

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ചു നിർമ്മിച്ച മരടിലെ അഞ്ച് ഫ്ളാറ്റുകളും നിലംപരിശായി.ഇവ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കുകയെന്ന ദൗത്യം സമ്പൂർണ വിജയം. മൂന്നു ഫ്ളാറ്റുകൾ ശനിയാഴ്ച തകർത്തിരുന്നു - ഹോളി ഫെയ്‌ത്ത് എച്ച്.ടു.ഒ., ആൽഫ സെറീനിന്റെ ഇരട്ട ടവറുകൾ എന്നിവ. ശേഷിച്ച ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നിവ അതീവ സൂക്ഷ്‌മതയോടെ ഇന്നലെ തകർത്തു. ഉച്ചയ്ക്ക് 2.29 നാണ് ഗോൾഡൻ കായലോരം അവസാനത്തേതായി നിലംപൊത്തിയത്.

അഞ്ചിൽ ഏറ്റവും വലിയ ഫ്ളാറ്റായിരുന്ന ജെയിൻ കോറൽ കോവാണ് ഇന്നലെ ആദ്യം വീണത് - രാവിലെ 11.01ന്. 17 നിലകളും 128 അപ്പാർട്ടുമെന്റുകളുമുള്ള കോറൽ കോവ് ആറു സെക്കൻഡിൽ വീണു. കായൽ തീരത്താണെങ്കിലും ഒരുപിടി മാലിന്യം പോലും വെള്ളത്തിൽ വീഴാതെ കൃത്യതയോടെ സ്ഫോടനം.

ഗോൾഡൻ കായലോരം ഉച്ചയ്ക്ക് രണ്ടിന് പൊളിക്കാൻ നിശ്ചയിച്ചെങ്കിലും 2.29 നാണ് തകർത്തത്. ദേശീയപാതയ്ക്കു സമീപം കണ്ണാടിക്കാട്ടാണ് ഫ്ളാറ്റ്.

1.56 ന് ആദ്യസൈറൺ മുഴങ്ങിയെങ്കിലും ഫ്ളാറ്റിന് സമീപത്തു നിന്ന് ചില വസ്തുക്കൾ നീക്കുന്നതിനായി സ്‌ഫോടനം നീട്ടി. അഞ്ചു സെക്കൻഡിൽ കായലോരവും തറപറ്റി.

കായലോരത്തിന്റെ മതിലിനോട് ചേർന്ന അങ്കണവാടി കെട്ടിടം സുരക്ഷിതമാക്കാനുള്ള ദൗത്യവും പൂർണവിജയമായി. ഫ്ളാറ്റിൽ നിന്ന് അഞ്ചു മീറ്റർ മാത്രം ദൂരെയുള്ള അങ്കണവാടി ടാർപാളിൻ കൊണ്ട് മൂടിയിരുന്നു. ജനാലയുടെ ഒരു ചില്ല് പൊട്ടിയതൊഴിച്ചാൽ ഒരു പോറൽ പോലും ഏൽക്കാത്തത് കണക്കിന്റെ കൃത്യതയോടെ സ്ഫോടനം നടത്തിയ കമ്പനിയുടെ മികവായി.

തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ചതിനാണ് ഫ്ളാറ്റുകൾ പൊളിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്. റിവ്യൂ ഹർജികൾ ഉൾപ്പെടെ തള്ളിയതോടെ സർക്കാർ പൊളിക്കൽ പ്രക്രിയ ആരംഭിച്ചു. നഗരസഭയുടെ മേൽനോട്ടത്തിൽ നടത്തിയ പൊളിക്കലിന്റെ റിപ്പോർട്ട് വൈകാതെ സുപ്രീം കോടതിയിൽ സർക്കാർ സമർപ്പിക്കും.

സ്ഫോടനം ഇന്നലെ

കോറൽ കോവ് ( രാവിലെ )

ആദ്യ സൈറൺ : 11.30

രണ്ടാം സൈറൺ : 10.55

അന്തിമ സൈറൺ : 11.00

സ്ഫോടനം : 11.01

ഗോൾഡൻ കായലോരം ( ഉച്ച കഴിഞ്ഞ് )

ആദ്യ സൈറൺ : 1.56

രണ്ടാം സൈറൺ : 2.19

അന്തിമ സൈറൺ : 2.28

സ്ഫോടനം : 2.29