കൊച്ചി: കോർപ്പറേഷൻ ഭരണസമിതിയിലെ വിവിധ സ്ഥിരം സമിതികളിലെ അംഗങ്ങളുടെ ഒഴിവ് നികത്തുന്നതിനുള്ള തിരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കും. ധനകാര്യം, പൊതുമരാമത്ത്, ക്ഷേമകാര്യം, നഗരാസൂത്രണം എന്നീ സമിതികളിലേക്കാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.രാവിലെ 11 ന് വോട്ടെടുപ്പ് ആരംഭിക്കും. അരമണിക്കൂർ ഇടവിട്ട് ഓരോ സമിതിയിലേക്കുമുള്ള തിരഞ്ഞെടുപ്പ് നടക്കും. ഓരോ തിരഞ്ഞെടുപ്പിലും 73 കൗൺസിലർമാരും വോട്ട് ചെയ്യണം
ടി.ജെ.വിനോദ് രാജിവച്ചതിനെ തുടർന്നാണ് ധനകാര്യ സമിതിയിൽ ഒരു ഒഴിവ് വന്നത്. ഡെപ്യൂട്ടി മേയർ ഉൾപ്പെടെ 9 അംഗങ്ങളാണ് നിലവിലുള്ളത്. എൽ.ഡി.എഫിന് അഞ്ച് അംഗങ്ങളും.
പൊതുമരമാത്ത് സ്ഥിരം സമിതി അംഗമായിരുന്ന ജോൺസൺ മാഷ് രാജി വച്ചതിനെ തുടർന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജോൺസൺ മാഷ് പിന്നീട് നികുതികാര്യ സമിതി അംഗമായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
വിജയകുമാർ രാജിവച്ചതിനെ തുടർന്നാണ് ക്ഷേമകാര്യ സമിതിയിൽ ഒഴിവ് ഉണ്ടായത്. ഡെലീന പിൻഹീറോ, ഒ.പി സുനിൽ എന്നിവർ രാജിവച്ചതിനെ തുടർന്ന് നികുതികാര്യ സമിതിയിൽ രണ്ട് ഒഴിവ് വന്നു.
# അദ്ധ്യക്ഷൻമാരില്ലാതെ സ്ഥിരംസമിതികൾ
യു.ഡി.എഫിലെ ചേരിപ്പോരിന്റെ ബാക്കിയായി മൂന്ന് അദ്ധ്യക്ഷൻമാർ രാജിവച്ചതിനെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി നഗരാസൂത്രണം, ക്ഷേമകാര്യം, നികുതികാര്യ സമിതികളിൽ നാഥനില്ലാത്ത അവസ്ഥയാണ്. രാജി വയ്ക്കണമെന്ന നിർദേശം അവഗണിച്ച് വികസനകാര്യ സമിതി അദ്ധ്യക്ഷയായ ഗ്രേസി ജോസഫ് പദവിയിൽ തുടരുന്നത് കോൺഗ്രസ് നേതൃത്വത്തിന് നാണക്കേടായി.
# കൗൺസിൽ യോഗം ഇന്ന്
സൗമിനി ജെയിൻ മേയർ സ്ഥാനം രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫിൽ ചേരിപ്പോര് മൂർച്ഛിക്കുന്നതിനിടെ ഇന്ന് ഉച്ച കഴിഞ്ഞ് 2.30 ന് കൗൺസിൽ യോഗം ചേരും. ഭരണസ്തംഭനത്തിന്റെ പേരിൽ മേയർ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മൂന്ന് കൗൺസിൽ യോഗങ്ങളും പ്രതിപക്ഷം അലങ്കോലപ്പെടുത്തിയിരുന്നു.