നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി 70 ലക്ഷം രൂപയുടെ അനധികൃത സ്വർണവും 4.65 ലക്ഷത്തിന്റെ വിദേശ കറൻസിയും പിടിച്ചു. ദുബായിൽ നിന്ന് കൊച്ചി വഴി ചെന്നൈയിലേക്ക് പോകുന്ന സ്പൈസ് ജെറ്റ് വിമാനത്തിലെ സീറ്റിനോട് ചേർന്നുള്ള ലൈഫ് ജാക്കറ്റിനകത്താണ് 20 സ്വർണ ബിസ്കറ്റുകൾ ഒളിപ്പിച്ചിരുന്നത്. ഈ സീറ്റിലെ യാത്രക്കാരായ രണ്ടുപേരെ സംശയത്തെ തുടർന്ന് ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജൻസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരാണോ സ്വർണം കൊണ്ടുവന്നതെന്ന് അന്വേഷിക്കുന്നു.
ഇന്നലെ പുലർച്ചെ രണ്ടിന് കൊച്ചിയിൽ നിന്ന് വിദേശത്തേക്ക് പോകാനെത്തിയ അനന്തു എന്ന യാത്രക്കാരനിൽ നിന്നാണ് 4.63 ലക്ഷം രൂപയുടെ വിദേശ കറൻസി കസ്റ്റംസ് പിടികൂടിയത്. 4150 യൂറോയും 111 ഡോളറുമാണ് പിടിച്ചെടുത്തത്.