sena-karumalloor
നീന്തൽ പരിശീലനത്തിന് മുമ്പ് ദുരന്തനിവാരണ സേനാംഗങ്ങൾക്ക് പറവൂർ തഹസിൽദാർ സേഫ്റ്റി ബോയ ധരിപ്പിക്കുന്നു.

പറവൂർ : ദുരന്തങ്ങളെ വേഗത്തിൽ നേരിടാൻ കരുമാല്ലൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ദുരന്തനിവാരണ സേന രൂപീകരിച്ചു. പ്രളയകാലത്ത് രക്ഷാപ്രവർത്തനങ്ങളിൽ എർപ്പെട്ട പഞ്ചായത്തിലെ ഇരുപത് വാർഡുകളിലെ രണ്ട് പേരെവീതം ഉൾപ്പെടുത്തിയാണ് ആദ്യഘട്ട സേനയെ രൂപീകരിച്ചത്. പ്രത്യേക യൂണിഫോം ധരിച്ചായിരിക്കും സേനയുടെ പ്രവർത്തനം. രണ്ടാം ഘട്ടത്തിൽ എല്ലാ വാർഡുകളിലും ഇരുപത് പേരടങ്ങുന്ന സേനയുണ്ടാകും. ഇരുപത് വാർഡുകളിലായി 400 സേനാംഗങ്ങൾ പഞ്ചായത്തിലുണ്ടാക്കുകയാണ് ലക്ഷ്യം.

ആദ്യഘട്ടത്തിന്റ നാൽപതംഗ ടീമിന് പെരിയാറിനോട് ചേർന്നുള്ള തടിക്കകടവിൽ ഫയർഫോഴ്സിന്റെ നേതൃത്തിൽ വിവിധ പരിശീലനം നൽകി. ജീവൻ രക്ഷാക്ലാസും നടന്നു. അടുത്ത ഫെബ്രുവരിയിൽ ജില്ലാ ഫയർഫോഴ്സ് സ്കൂബാടീമിന്റ നേതൃത്വത്തിൽ പെരിയാറിൽ മുങ്ങൽ പരിശീലനം നൽകും. നീന്തൽ പരിശീലനത്തിന് മുമ്പായി സേനാംഗങ്ങൾക്ക് സേഫ്റ്റി ബോയ പറവൂർ തഹസിൽദാർ എം.എച്ച്. ഹരീഷ് അണിയിച്ച് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ഡി. ഷിജു, വില്ലേജ് ഓഫീസർ രാജീവ്, ജീവൻ രക്ഷാ പരിശീലകൻ ജോസഫ് പടയാട്ടി, പി.എം. ദിപിൻ, നസീർ പാത്തല, റഷീദ മുഹമ്മദാലി, സി.വി. അനിൽ, സൈഫുന്നീസ റഷീദ് തുടങ്ങിയവർ സംബന്ധിച്ചു.