കൊച്ചി : 'ഫ്ളാറ്റ് പൊളി' കാണാൻ ഉച്ചവെയിലിനെയും പൊലീസിനെയും വെല്ലുവിളിച്ച് തൈക്കൂടം ബ്രിഡ്ജിൽ കയറിക്കൂടിയ ടീംസിനൊക്കെ ക്ഷമകെട്ടു. രണ്ടിന് പൊളിക്കുമെന്ന് പറഞ്ഞിട്ട് രണ്ടരയായി. നടപടിയില്ലാത്ത കേസാണെന്ന് അടക്കം പറഞ്ഞു തുടങ്ങിയ ജനക്കൂട്ടത്തിനിടയിൽ നിന്നൊരു കമന്റ് ..

'പൊട്ടിക്കുന്നെങ്കി പൊട്ടിക്ക് സ്വാമീ...'

പാലത്തിന്റെ കിഴക്കേയറ്റത്ത് ആളുകൂടിയപ്പോൾ പൊലീസ് പാഞ്ഞെത്തി.

'ഇവിടെ നിൽക്കാൻ പറ്റില്ല. താഴേക്ക് ഇറങ്ങണം.'

'പിന്നെങ്ങനെ കാണും‌ '

'അതൊന്നുമറിയില്ല. ഇവിടെ നിക്കാൻ പറ്റില്ല.'

സീൻ ഡാർക്കാണെന്നൊരു കാഴ്ചക്കാരന്റെ കമന്റ്.

കൂട്ടത്തിലൊരാൾ ഫോണിൽ വിളിച്ച് മറ്റെവിടെയോ കാണാൻ നിൽക്കുന്ന സുഹൃത്തിനോട് :

'നീ എവിടെയാ? ഇവിടെ നിൽക്കാൻ കിറുക്കമ്മാര് സമ്മതിക്കില്ല.'

പൊലീസിന്റെ എതിർപ്പിന് ഫലമുണ്ടായില്ല. ആളുകൾ പിന്നെയും പിന്നെയും തൈക്കൂടം പാലത്തിലേക്ക് വന്നുകൊണ്ടിരുന്നു. ഇതിനിടെ രണ്ടു സൈറൺ മുഴങ്ങി. മൂന്നാം സൈറണിനു വേണ്ടി പിന്നെയും കാത്തു നിൽപ്പ്.

ആൾക്കൂട്ടത്തിൽ നിന്നൊരാൾ പൊലീസിനു സമീപത്തേക്ക് വന്നു. ആള് അടിച്ചു പൂക്കുറ്റി. നൊടിയിടകൊണ്ട് പാലത്തിന്റെ നിയന്ത്രണം ഒറ്റയ്ക്ക് ഏറ്റെടുത്ത് പെർഫോമൻസ്.

കളി കൈവിടുമെന്ന് തോന്നിയപ്പോൾ പൊലീസ് ക്ളിപ്പിട്ടു.

'മതി, നീയിങ്ങു വന്നേ'

പിടിച്ചു ജീപ്പിലേയ്ക്ക് കൊണ്ടുപോകുമ്പോഴും തന്റെ കൺട്രോളു പോയ സങ്കടത്തിലാണ് പൂക്കുറ്റി. പിന്നെയും മൂന്നാം സൈറണിനുവേണ്ടിയുള്ള കാത്തിരിപ്പ്.

' ചാനലുകാരുടെ തള്ള് കേൾക്കാതിരിക്കാനാ, ഒന്നു വേഗം പൊട്ടിക്ക്'

ഉച്ചവെയിലിന്റെ ചൂടിൽ ആൾക്കൂട്ടം വിയർത്തൊലിച്ചു. ഒടുവിൽ രണ്ടരയാകുമ്പോഴേക്കും അവസാന സൈറൺ. വെടിക്കെട്ടിന്റെ ശബ്ദം. ഫ്ളാറ്റിന് അനക്കമില്ല.

'പൊട്ടിയില്ലേ..'

ഒരു നിമിഷം.

ഗോൾഡൻ കായലോരം അടി വെട്ടിയ പോലെ ഒന്നിരുന്നു. പിന്നെ നിമിഷങ്ങൾക്കുള്ളിൽ നിലം പൊത്തി. ചുവന്ന നിറത്തിൽ പൊടി പറന്നുയർന്നു. കിഴക്കോട്ടു വീശിയകാറ്റ് അതൊട്ടും കളയാതെ പാലത്തിൽ എത്തിച്ചു. കാണാൻ നിന്ന ജനക്കൂട്ടം പലവഴി പാഞ്ഞു.

പൊലീസ് പടിച്ച പണി പതിനെട്ടും നോക്കിയിട്ട് നടക്കാത്ത കാര്യം.

നിമിഷനേരം കൊണ്ട് കാറ്റ് സാധിച്ചെടുത്തു. ശുഭം.