കൊച്ചി : കർദ്ദിനാൾ ജോർജ് ആലഞ്ചേരിയെ അപകീർത്തിപ്പെടുത്താൻ വ്യാജരേഖ ചമച്ചെന്നാരോപിച്ച് തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസ് അന്വേഷിക്കാൻ ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക ടീമിനെ നിയോഗിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ എതിർകക്ഷികളായ ഫാ. പോൾ തേലക്കാട്ട്, ബിഷപ്പ് ജേക്കബ് മനത്തോടത്ത് എന്നിവർക്ക് നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. എറണാകുളം - അങ്കമാലി അതിരൂപതയിലെ അംഗങ്ങളായ സന്തോഷ് ജോസഫ്, സക്കറിയ കട്ടിക്കാരൻ, ജിമ്മി ജോസഫ് എന്നിവർ നൽകിയ ഹർജിയിലാണ് നിർദ്ദേശം.
സ്വകാര്യബാങ്കിലെ തന്റെ അക്കൗണ്ടിൽനിന്ന് കർദ്ദിനാൾ വൻതുക കൊച്ചിയിലെ ചില ആഡംബര ഹോട്ടലുകളുടെ അക്കൗണ്ടിലേക്ക് മാറ്റിയെന്ന് വ്യാജരേഖയുണ്ടാക്കി അദ്ദേഹത്തെ അപകീർത്തിപ്പെടുത്താനും അതുവഴി പദവിയിൽ നിന്ന് മാറ്റാനും ശ്രമിച്ചെന്നാണ് കേസ്. 2019 മാർച്ച് എട്ടിന് പൊലീസ് കേസെടുത്തു, വ്യാജരേഖ നിർമ്മിച്ച കമ്പ്യൂട്ടർ ഒാപ്പറേറ്ററെ അറസ്റ്റുചെയ്തു. എന്നാൽ അന്വേഷണത്തിന്റെ ചൂട് ദിവസങ്ങൾക്കുള്ളിൽ അവസാനിച്ചെന്നും ആറുമാസത്തിലേറെ പാഴാക്കിയിട്ടും കുറ്റകൃത്യത്തിനു പിന്നിലെ ഗൂഢാലോചന കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. ശരിയായ അന്വേഷണം വേണമെന്ന് കാണിച്ച് ആലുവ ഡിവൈ.എസ്.പിക്ക് നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല. ഇൗ സാഹചര്യത്തിൽ ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേകസംഘത്തെ നിയോഗിക്കണമെന്നും അന്വേഷണത്തിന് കോടതി മേൽനോട്ടം വഹിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.