കൊച്ചി: വിദ്യാഭ്യാസ നിലവാരത്തിനൊപ്പം മാനവികതയും വർദ്ധിക്കണമെന്നും മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്ന വിദ്യാഭ്യാസമാണ് അനിവാര്യമെന്നും മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. സ്‌കോൾ കേരള ദിനാഘോഷം എറണാകുളം ഗവ. എസ്.ആർ.വി ഹയർ സെക്കൻഡറി സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ നിലവാരം വർദ്ധിച്ചെങ്കിലും ഭരണഘടനാ മൂല്യങ്ങൾ ഓർമ്മിപ്പിക്കേണ്ടി വരുന്ന കാലമാണിത്. മറ്റുള്ളവരുടെ വേദന തിരിച്ചറിഞ്ഞ് ഇല്ലാതാക്കാൻ ശ്രമിക്കുമ്പോഴാണ് യഥാർത്ഥ വിദ്യാഭ്യാസം നേടിയെന്നു പറയാൻ കഴിയുക. ആർജിക്കുന്ന അറിവുകൾ ഉപയോഗിച്ച് മനുഷ്യനിലുള്ള മാനവികമല്ലാത്ത ഭാവങ്ങളെ ഇല്ലാതാക്കുകയാണ് വേണ്ടത്. ജനകീയത, ആധുനികത, മാനവിക എന്നീ ആശയങ്ങളുടെ പരസ്പര ലയനമാണ് പരീക്ഷകളിൽ ജയിക്കാൻ മാത്രമല്ല ജീവിക്കാനും പഠിക്കണമെന്ന് മന്ത്രി പറഞ്ഞു.

സ്‌കോൾ കേരള വൈസ് ചെയർമാൻ ഡോ.കെ. മോഹൻകുമാർ പ്രസംഗിച്ചു. ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സ്‌കോൾ കേരള എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ. കെ.എം. ഖലീൽ, സെക്രട്ടറി കെ.പി. പുരുഷോത്തമൻ, കൗൺസിലർ കെ.വി.പി. കൃഷ്ണകുമാർ, എസ്.ആർ.വി. സ്‌കൂൾ പ്രിൻസിപ്പാൾ എ.എൻ. ബിജു തുടങ്ങിയവർ പങ്കെടുത്തു.

# എസ്.ആർ.വി സ്കൂളിന് ഒരു കോടി രൂപ

എസ്. ആർ.വി. സ്‌കൂളിൽ ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് സർക്കാർ അനുമതി നൽകിയതായി ടി.ജെ. വിനോദ് എം.എൽ.എ പറഞ്ഞു. സ്‌കൂളിലെ ശോചനീയാവസ്ഥയിലുള്ള ഡോ. കെ. കസ്തൂരി രംഗൻ ശാസ്ത്ര സാങ്കേതിക മ്യൂസിയവും മന്ത്രി സന്ദർശിച്ചു. മ്യൂസിയത്തിന്റെ പുനരുദ്ധാരണത്തിന് വിശദമായ പദ്ധതി സമർപ്പിക്കാൻ സ്‌കൂൾ അധികൃതർക്ക് മന്ത്രി നിർദേശം നൽകി.