കിഴക്കമ്പലം: ട്വന്റി20 ക്കെതിരെ നടക്കുന്ന കുപ്രചരണങ്ങളിൽ പ്രതിഷേധിച്ച് കിഴക്കമ്പലത്ത് ആയിരങ്ങൾ പങ്കെടുത്ത് പ്രതിഷേധ യോഗം നടന്നു. പഞ്ചായത്തിലെ 19 വാർഡുകളിൽ നിന്നായി പതിനായിരത്തിൽപ്പരം ആളുകൾ യോഗത്തിൽ പങ്കെടുത്തതായി സംഘാടകർ അവകാശപ്പെട്ടു. കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.വി ജേക്കബ് രാജിവെക്കാൻ ഇടയായ സംഭവം ചൂണ്ടിക്കാട്ടി ട്വന്റി20 യ്‌ക്കെതിരെ നിരവധി പ്രചരണ പരിപാടികൾ വിവിധ രാഷ്ട്രീയ കക്ഷികൾ സംഘടിപ്പിച്ചിരുന്നു. ഇതിനു വിശദീകരണമായാണ് താമരച്ചാലിലെ ട്വന്റി20 നഗറിൽ പതിനായിരങ്ങളെ പങ്കെടുപ്പിച്ച് യോഗം നടത്തിയത്.
യോഗത്തിൽ ട്വന്റി20 ചീഫ് കോർഡിനേറ്റർ സാബു എം.ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസി അജി അദ്ധ്യക്ഷയായി. ട്വന്റി20 ചെയർമാൻ ബോബി എം.ജേക്കബ്, എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ അഗസ്റ്റിൻ ആന്റണി, വി.എസ് കുഞ്ഞുമുഹമ്മദ്, ബിജോയ് ഫിലിപ്പോസ്, പി.പി സനകൻ, പ്രൊഫ. എൻ,കെ വിജയൻ, പഞ്ചായത്തംഗങ്ങളായ ഹാഫിസ് ഹൈദ്റാലി, കെ.പി വിനോദ്, എം.പി സുരേഷ് എന്നിവർ പ്രസംഗിച്ചു.