കൊച്ചി: എറണാകുളം നഗരത്തിന്റെ വിവിധ മേഖലകളിൽ എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിൽ അഞ്ചു ലക്ഷം രൂപ വിലമതിക്കുന്ന 300 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. ഒരാത്തെ അറസ്റ്റുചെയ്തു. 57 പേർക്കെതിരെ കേസെടുത്തു.
മുളവുകാട് സ്വദേശി കണക്കത്തറവീട്ടിൽ ഉത്തമനാണ് (53) അറസ്റ്റിലായത്. ഇയാളിൽ നിന്ന് ഹാൻസ് ഉൾപ്പെടെ മൂവായിരത്തോളം പായ്ക്കറ്റ് നിരോധിത ഉത്പന്നങ്ങൾ പിടിച്ചെടുത്തു. വിദ്യാർത്ഥികൾക്കും ചില്ലറ വ്യാപാരികൾക്കും പുകയില ഉത്പന്നങ്ങൾ വൻതോതിൽ ഇയാൾ വിതരണം ചെയ്തിരുന്നതായി എക്സൈസ് അധികൃതർ അറിയിച്ചു. സേലത്തുനിന്ന് ട്രെയിനിലാണ് ഇവ കേരളത്തിലെത്തിച്ച് വിതരണം ചെയ്യുന്നത്.
എക്സൈസ് കമ്മിഷണർ എ.എസ്. രഞ്ജിത്തിന്റെ നിർദ്ദേശപ്രകാരം സി.ഐ. ബി. ടെനിമോന്റെ നേതൃത്വത്തിലാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മിന്നൽ പരിശോധന നടത്തിയത്. എസ്.ഐ. ടി.പി. സജീവ്കുമാർ, പ്രിവന്റീവ് ഓഫീസർമാരായ രാം പ്രസാദ്, അജയഭാനു, സിവിൽ ഓഫീസർമാരായ ഹരീഷ്, റെനി, അഷ്‌ലി എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനകളിൽ 400 കിലോ പുകയില ഉത്പന്നങ്ങളും കഞ്ചാവും പിടിച്ചെടുത്തിരുന്നു. കഞ്ചാവ് വില്പനക്കാരായ മൂന്നുപേരെ അറസ്റ്റുചെയ്തിരുന്നു.