വൈപ്പിൻ: വൈപ്പിൻ മണ്ഡലം നിവാസികൾക്കായി എസ്. ശർമ്മ എം.എൽ.എ സംഘടിപ്പിക്കുന്ന ഏകദിന ജനകീയ ആശുപത്രിയുടെ (സൗജന്യ മൾട്ടിസ്‌പെഷ്യാലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ്) നടത്തിപ്പിനായി സംഘാടക സമിതിക്ക് രൂപം നൽകി. പള്ളിപ്പുറം സെന്റ്.മേരീസ് ഹൈസ്‌കൂളിൽ വച്ചാണ് ക്യാമ്പ്. കഴിഞ്ഞ 8 വർഷമായി അലോപ്പതി, ആയുർവേദം, ഹോമിയോചികിത്സാ വിഭാഗങ്ങളിലെ സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗം ഡോക്ടർമാരെയടക്കം പങ്കെടുപ്പിച്ചുകൊണ്ട് നടത്തിവരുന്ന ക്യാമ്പിൽ ഓരോവർഷവും പതിനായിരത്തിലധികം പേരാണ് ചികിത്സ തേടിയെത്തുന്നത്.

അഞ്ഞൂറോളം ഡോക്ടർമാരുടെയും അഞ്ഞൂറോളം പാരാമെഡിക്കൽ സ്റ്റാഫിന്റെയും സേവനം ലഭ്യമാക്കുന്ന ക്യാമ്പിൽ ഡോക്ടർമാർ നിർദ്ദേശിക്കുന്ന മുഴുവൻപേർക്കും അൾട്രാസൗണ്ട് സ്‌കാൻ, സി.ടി.സ്‌കാൻ, എക്‌സ്‌റേ,എം.ആർ.ഐ സ്‌കാൻ, വിവിധതരം ലാബ് ടെസ്റ്റുകൾ, മൈനർ സർജറികൾ, ദന്തശസ്ത്രക്രിയകൾ, തിമിരശസ്ത്രക്രിയ, കണ്ണട എന്നിവ സൗജന്യമായി ലഭ്യമാക്കുന്നു.
പള്ളിപ്പുറം സെന്റ്. മേരീസ് ഹൈസ്‌കൂളിൽ സംഘാടക സമിതി രൂപീകരണയോഗം ചേർന്നു. എസ്. ശർമ്മ എം.എൽ.എ (ചെയർമാൻ), കളക്ടർ എസ്. സുഹാസ് (രക്ഷാധികാരി), ഡോ.കെ.എസ്. പുരുഷൻ, ഫാ. ജോൺസൺ പങ്കേത്ത്, പി.കെ. രാധാകൃഷ്ണൻ (വൈസ്‌ ചെയർമാൻമാർ), ഡോ. ജുനൈദ് റഹ്മാൻ, ഡോ. പ്രേംനായർ, ജില്ലാമെഡിക്കൽ ഓഫീസർമാർ, ജനറൽ ആശുപത്രി , മെഡിക്കൽ കോളേജ് സൂപ്രണ്ടുമാർ, ജില്ലാ പ്രോഗ്രാം മാനേജർ, ദേശീയ ആരോഗ്യ മിഷൻ, എറണാകുളം (ജനറൽ കൺവീനർമാർ), സിപ്പി പള്ളിപ്പുറം (സ്റ്റിയറിംഗ് കമ്മിറ്റി ചെയർമാൻ), ഡോ.ഹനീഷ്. എം.എം (ചീഫ് ക്യാമ്പ് കോഡിനേറ്റർ), ഡോ.പി.ജെ.സിറിയക്, ആർ.എം.ഒ.,ജനറൽ ആശുപത്രി, എറണാകുളം, ഡോ.കീർത്തി.പി, മെഡിക്കൽ ഓഫീസർ,മുനമ്പം (കൺവീനർമാർ), ഡോ.കെ.കെ.ജോഷി (എക്‌സിക്യുട്ടീവ് കമ്മിറ്റി ചെയർമാൻ), വൈപ്പിൻ മണ്ഡലത്തിലെ ത്രിതല പഞ്ചായത്ത് സാരഥികളും ജില്ലാപഞ്ചായത്തംഗങ്ങളും സഹകരണ ബാങ്ക് പ്രസിഡന്റുമാരും ഉൾപ്പെടുന്നതാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി. ക്യാമ്പിലേക്കുള്ള രജിസ്ട്രേഷൻ നടപടികൾ ഉടൻ ആരംഭിക്കുമെന്നും ക്യാമ്പിന്റെ തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും എസ്. ശർമ്മ എം.എൽ.എ അറിയിച്ചു.