ആലുവ: 40-ാമത് നാഷണൽ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 65+ വിഭാഗത്തിൽ ആലുവ സ്വദേശി ജോസ് മാവേലി ദേശീയ ചാമ്പ്യനായി. 100 മീറ്റർ ഓട്ടത്തിൽ 13.7 സെക്കൻഡ് സമയം കൊണ്ടാണ് അദ്ദേഹം ഓടിയെത്തി സ്വർണം നേടിയത്. 400 മീറ്റർ (68 സെക്കൻഡ്) ഓട്ടത്തിലും 100 x 400 മീറ്റർ റിലേയിലും സ്വർണവും 200 മീറ്റർ (30.2 സെക്കൻഡ്) ഓട്ടത്തിൽ വെള്ളിയും നേടി.
കോഴിക്കോട് ജനുവരി 10 മുതൽ 12 വരെയാണ് ചാമ്പ്യൻഷിപ്പ് നടന്നത്. 2004 ൽ തായ്‌ലൻഡിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ ഓട്ടത്തിൽ ജോസ് മാവേലി ഇന്ത്യയ്ക്കുവേണ്ടി സ്വർണം നേടിയിട്ടുണ്ട്. 2019ൽ ഗോവയിൽ നടന്ന യുണൈറ്റഡ് നാഷണൽ ഗെയിംസിൽ കേരളത്തെ പ്രതിനിധീകരിച്ച ജോസ് മാവേലി 100, 200, 400 മീറ്റർ ഓട്ടത്തിൽ സ്വർണമെഡലുകൾ നേടിയും 2011ൽ ചണ്ഡീഗഢിൽ നടന്ന നാഷണൽ മാസ്റ്റേഴ്‌സ് മീറ്റിൽ 100, 200 മീറ്റർ ഓട്ടത്തിലും 300 മീറ്റർ ഹർഡിൽസിലും സ്വർണം നേടിയിട്ടുണ്ട്. നേരത്തെ രണ്ട് തവണ ദേശീയ ചാമ്പ്യനായി.
തെരുവിൽ അലയുന്ന കുട്ടികൾക്കുവേണ്ടി 1996ൽ തുടങ്ങിയ ജനസേവ ശിശുഭവന്റെ സ്ഥാപകനും മുൻ ചെയർമാനുമാണ്. 2008ൽ കുട്ടികളിലെ കായിക പ്രതിഭ വളർത്തുന്നതിനായി ജനസേവ സ്‌പോർട്‌സ് അക്കാഡമി എന്ന സ്ഥാപനവും ആരംഭിച്ചു. ഇതിലൂടെ നിരവധി കുട്ടികൾ വിവിധ വിഭാഗങ്ങളിൽ മികവു പുലർത്തി പ്രതിഭ തെളിയിച്ചു.