കോലഞ്ചേരി: റേഷൻ കടകളിൽ അരിയുടെ കാര്യത്തിൽ കോംബോ സംവിധാനം മുടങ്ങിയിട്ട് മൂന്നു മാസമായി. ഈ മാസം പരിഹരിക്കുമെന്ന് പറഞ്ഞെങ്കിലും ഇതു വരെ വിതരണത്തിന് അരി എത്തിയിട്ടില്ല.

എന്താണ് കോംബോ

കാർഡ് ഉടമയ്ക്ക് അനുവദിച്ച അളവിൽ ഇഷ്ടാനുസരണം പുഴുക്കലരി, പച്ചരി, കുത്തരി എന്നിവയിൽ ഇഷ്ടമുള്ള ഇനം വാങ്ങാനുള്ള സൗകര്യമാണ് കോംബോ സംവിധാനം. ഇവയിലേതെങ്കിലും ഒരിനം മാത്രമായോ മൂന്നും ചേർന്നോ വാങ്ങാം.എല്ലാ വിഭാഗം കാർഡ് ഉടമകൾക്കും കോംബോ സംവിധാനം ഉണ്ടെങ്കിലും ഇതുവരെയും നടപ്പാക്കാനായില്ല.മൂന്നിനം അരിയും വേണ്ട അളവിൽ കടകൾക്ക് ലഭ്യമാക്കാനാകാത്തതാണ് പദ്ധതി നടപ്പാക്കുന്നതിനു തടസം.

ഈ മാസം മുതൽ കോംബോ കാര്യക്ഷമമാക്കാൻ സംസ്ഥാന തലത്തിൽ തീരുമാനിച്ചിരുന്നെങ്കിലും നടപ്പാക്കാനാകില്ലെന്ന് ഉറപ്പായി.ഈ മാസത്തേക്ക് മുൻഗണനാ വിഭാഗം കാർഡുകളിൽ ഒരാൾക്ക് ആകെ നൽകുന്ന 4 കിലോഗ്രാമിൽ ഒരു കിലോ പച്ചരിയും 3 കിലോ പുഴുങ്ങലരിയുമാണ് നൽകേണ്ടത് .മുൻഗണനേതര വിഭാഗത്തിന് ആകെയുള്ള 10 കിലോ ഗ്രാമിൽ 3 കിലോ പച്ചരിയും 7 കിലോ പുഴുങ്ങലരിയും. .മുൻഗണന ഇതര സബ്‌സിഡി വിഭാഗത്തിന് അരക്കിലോ പച്ചരിയും ഒന്നരക്കിലോ പുഴുങ്ങലരിയും നൽകണം.അന്ത്യോദയ വിഭാഗത്തിന് 30 കിലോ പുഴുങ്ങലരിയാണ് നല്കേണ്ടത്

ഈ രീതിയിലാണ് ജില്ലയിലെ കടകൾക്ക് അരി അനുവദിച്ചിട്ടുള്ളത് .എന്നാൽ അരി ഇതു വരെ കടകളിൽ എത്തിച്ചിട്ടില്ല. അടുത്ത ആഴ്ച എത്തിക്കുമെന്നാണ് കടകൾക്ക് ലഭിച്ചിട്ടുള്ള വിവരം. അരി എത്താൻ വൈകുന്നതോടെ വിതരണവും താളം തെറ്റും.

കഴിഞ്ഞമാസം പച്ചരി ലഭിച്ചി​ല്ല.

ലഭിച്ചത് മട്ട അരി മാത്രം